തോമസ് ചാണ്ടിയെ പുറത്താക്കിയതിന് വിനു വി ജോണിന് നന്ദി പറഞ്ഞുകൊണ്ട് എ കെ ശശീന്ദ്രന്‍ അയച്ച സന്ദേശം പുറത്ത്

തോമസ്‌ ചാണ്ടിയുടെ രാജിക്ക് പിന്നാലെ അതിനു മുഖ്യ കാരണക്കാരനായ ഏഷ്യാനെറ്റ് ന്യൂസിലെ വിനു വി ജോണിന് നന്ദി പറഞ്ഞുകൊണ്ട് ശശീന്ദ്രന്‍ എഴുതിയ സന്ദേശം പുറത്ത്. വിനു തന്നെയാണ് സംഭവം പുറത്തുവിട്ടത്.തന്‍റെ ട്വിറ്ററിലൂടെയാണ് വിനു ഇതിനെ പറ്റി പോസ്റ്റ്‌ ഇട്ടത്. ‘ എ കെ ശശീന്ദ്രന്‍ ഒരു രാഷ്ട്രീയ അശ്ലീലമാണെന്ന് വീണ്ടും തെളിയിച്ചു’  എന്നാണ് വിനുവിന്‍റെ പോസ്റ്റ്‌ . ഒപ്പം ശശീന്ദ്രന്‍ അയച്ച സന്ദേശത്തിന്‍റെ സ്ക്രീന്‍ ഷോട്ടും വിനു പോസ്റ്റ്‌ ചെയ്തു . ‘ നന്ദിയുണ്ട് . ഫോണ്‍ എടുക്കൂ’ എന്ന് ശശീന്ദ്രന്‍ അയച്ച സന്ദേശത്തില്‍ പറയുന്നു. എന്‍ സിപിയില്‍ ഒരു വിഭാഗം തോമസ്‌ ചാണ്ടിയുടെ രാജിയ്ക്കായി രംഗത്ത് ഉണ്ടായിരുന്നെങ്കിലും എ കെ ശശീന്ദ്രന്‍ ഇത്ര തുറന്ന രീതിയില്‍ സ്വന്തം പാര്‍ട്ടിയുടെ മന്ത്രിയുടെ രാജിക്ക് വേണ്ടി പിന്നണിയില്‍ കളിച്ചിരുന്നു എന്ന് വ്യക്തമാകുന്ന തരത്തിലാണ് ഇപ്പോള്‍ സംഭവങ്ങള്‍ അരങ്ങേറുന്നത്. തോമസ്‌ ചാണ്ടിക്കെതിരെയുള്ള നിര്‍ണ്ണായക വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്‍കിയതില്‍ ശശേന്ദ്രന്‍ വിഭാഗത്തിനും പങ്കുണ്ടായിരുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണിത് .

സ്ത്രീയോട് ഫോണിലൂടെ അശ്ലീലം പറഞ്ഞതിനാണ് ശശീന്ദ്രന് മന്ത്രി സ്ഥാനം രാജിവെക്കേണ്ടി വന്നത്. മംഗളം ചാനലാണ്‌ അന്ന് ശശീന്ദ്രനെ കുട്ക്കിയത്. ആ ഒഴിവിലാണ് തോമസ്‌ ചാണ്ടി മന്ത്രിപദം സ്വീകരിച്ചത്. എന്നാല്‍ ആ കേസ് കോടതിക്ക് പുറത്തു ഒത്തുതീര്‍പ്പാക്കിയ ശശീന്ദ്രന്‍ വീണ്ടും മന്ത്രി സ്ഥാനം ലഭിക്കാന്‍ വേണ്ടി തോമസ്‌ ചാണ്ടിയെ കുടുക്കുകയായിരുന്നു എന്ന് വേണം പുതിയ സംഭവങ്ങള്‍ പുറത്തു വരുമ്പോള്‍ അനുമാനിക്കാന്‍.