ബിലാലിക്ക വീണ്ടുമെത്തുന്നു; ബിഗ് ബിയുടെ രണ്ടാം ഭാഗമെത്തുന്നു;മമ്മൂട്ടിക്കൊപ്പം ദുല്‍ഖറും പ്രധാനവേഷത്തില്‍

മേരി ജോണ്‍ കുരിശിങ്കല്‍ എന്ന സ്‌നേഹനിധിയായ അമ്മയുടെ കൊലപാതകിയെ കണ്ടെത്താന്‍ മുംബൈയില്‍ നിന്നും എത്തിയ മമ്മൂട്ടിയുടെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍ എന്ന കഥാപാത്രം ഒരു ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുകയാണ്.ബിലാല്‍ എന്ന് തന്നെയാണ് സിനിമയുടെ പേര്.ബിഗ് ബിയുടെ സംവിധായകന്‍ അമല്‍ നീരദ് തന്നെയാണ് ഇക്കാര്യം ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

രാം ഗോപാല്‍ വര്‍മ ചിത്രങ്ങളുടെ ഛായാഗ്രാഹകനായി ബോളിവുഡില്‍ തിളങ്ങിയ അമല്‍ 2007ലാണ് ബിഗ് ബി സംവിധാനം സംവിധാനം ചെയ്യുന്നത്. ആക്ഷന്‍ ത്രില്ലറായ ചിത്രത്തിന് സമ്മിശ്രപ്രതികരണമായിരുന്നു തിയറ്ററില്‍ ലഭിച്ചത്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും സ്‌റ്റൈലിഷ് കഥാപാത്രങ്ങളിലൊന്നായിരുന്നു ബിഗ് ബിയിലെ ബിലാല്‍.

ബിഗ് ബിയുടെ രണ്ടാം ഭാഗത്തില്‍ ദുല്‍ക്കര്‍ എത്തുന്നുവെന്നും സമൂഹമാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിക്കുന്നുണ്ട്. ബിഗ് ബി സിനിമ അവസാനിക്കുമ്പോള്‍ തെരുവില്‍ നിന്നും ബിലാല്‍ വീട്ടിലേക്ക് കൂട്ടുന്ന കുട്ടിയുടെ പില്‍ക്കാലമാണ് ദുല്‍ഖര്‍ അവതരിപ്പിക്കുന്നതെന്നാണ് സൂചന.ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം ലഭ്യമല്ല.