ഡല്‍ഹി മെട്രോ സ്റ്റേക്ഷനില്‍ മാധ്യമപ്രവര്‍ത്തകയ്ക്കു പീഡന ശ്രമം; പ്രതി അറസ്റ്റില്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ മെട്രോ സ്റ്റേഷനില്‍ 25 വയസുകാരിയായ മാധ്യമപ്രവര്‍ത്തകയ്ക്കു നേരെ പീഡനശ്രമം. ഡല്‍ഹിയിലെ ഐ.ടി.ഒ സ്റ്റേഷനിലാണ് സംഭവം. സ്റ്റേഷനിലെ പടികള്‍ ഇറങ്ങി വരുന്നതിനിടെ യുവാവ് പെണ്‍കുട്ടിയെ കടന്നുപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇത് തടഞ്ഞ പെണ്‍കുട്ടിയെ ഇയാള്‍ കൈയേറ്റം ചെയ്യുകയും ചെയ്തു.

ആദ്യം ഇയാള്‍ ദേഹത്ത് തട്ടിയപ്പോള്‍ അബദ്ധത്തില്‍ സംഭവിച്ചതാണെന്നാണ് ഓര്‍ത്തതെന്നും എന്നാല്‍ പിന്നീട് ഇയാള്‍ പിന്തുടര്‍ന്ന് ഉപദ്രവിക്കുകയായിരുന്നുവെന്നും യുവതി പറഞ്ഞു. സമീപത്ത് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇല്ലാതിരുന്നതിനാല്‍ തനിക്ക് ഇയാലെ പിന്തുടര്‍ന്ന് പിടിക്കേണ്ട അവസ്ഥായായിരുന്നുവെന്നും യുവതി വെളിപ്പെടുത്തി.

മാധ്യമ പ്രവര്‍ത്തക പറഞ്ഞതനുസരിച്ച് പോലീസ് സ്റ്റേഷനിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംഭവം ശരിയാണെന്ന് സ്ഥിതീകരിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ഡല്‍ഹി പാട്യാലഹൗസ് കോടതിയില്‍ ഹാജരാക്കിയ ഇയാളെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.