ഷെറിന്‍ മാത്യൂസിന്റെ മരണം: വളര്‍ത്തമ്മ സിനി മാത്യൂസ് പോലീസ് പിടിയില്‍
ഡാലസ്:അമേരിക്കയിലെ ടെക്‌സസില്‍ ദുരൂഹ സാഹചര്യത്തില്‍ മൂന്നുവയസുകാരി ഷെറിന്‍ മാത്യൂസ് മരിച്ചസംഭവത്തില്‍ വളര്‍ത്തമ്മ സിനി മാത്യൂസും പോലീസ് പിടിയില്‍. വളര്‍ത്തച്ഛന്‍ വെസ്‌ലി മാത്യൂസിനെ നേരത്തേ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുട്ടിയെ അപായപ്പെടുത്തിയെന്ന കുറ്റമാണ് സിനിയില്‍ ചുമത്തിയിട്ടുള്ളത്.വളര്‍ത്തച്ഛന്‍ വെസ്ലി പറഞ്ഞതില്‍നിന്ന് വ്യത്യസ്തമായ മൊഴിയാണ് സിനി പൊലീസിന് നല്‍കിയത്.
സിനി കുട്ടിയെ ഉപേക്ഷിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് പൊലീസ് പറയുന്നു. കുട്ടിയെ വീട്ടില്‍ ഒറ്റയ്ക്കാക്കി സിനിയും വെസ്ലിയും സ്വന്തം മകള്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ രാത്രി പുറത്തുപോയതായി പൊലീസ് പറയുന്നു. എന്നാല്‍ കുട്ടിയെ കാണാതാകുമ്പോള്‍ താന്‍ ഉറക്കത്തിലായിരുന്നുവെന്നാണു സിനി പൊലീസിന് മൊഴി കൊടുത്തത്. ഭര്‍ത്താവും കുട്ടിയും തമ്മിലുണ്ടായ പ്രശ്‌നങ്ങളൊന്നും താന്‍ അറിഞ്ഞിരുന്നില്ലെന്നും സിനി പറഞ്ഞിരുന്നു.
ഒക്ടോബര്‍ ഏഴിനാണു വടക്കന്‍ ടെക്‌സസിലെ റിച്ചര്‍ഡ്‌സണിലെ വീട്ടില്‍നിന്നു മൂന്നു വയസുകാരിയായ ഷെറിനെ കാണാതായത്. ഒക്ടോബര്‍ 22-ന് വീടിനുസമീപത്തെ കലുങ്കിനടിയില്‍നിന്ന് ഷെറിന്റെ മൃതദേഹം കണ്ടെതുകയായിരുന്നു. നിര്‍ബന്ധിച്ചു പാല്‍ കുടിപ്പിച്ചപ്പോഴാണു ഷെറിന്‍ മരിച്ചതെന്നാണു വെസ്ലി മൊഴി നല്‍കിയത്. ശ്വാസംമുട്ടിയാണു കുട്ടി മരിച്ചത്. പാല്‍ കുടിപ്പിക്കുന്നതിനിടെ ചുമയും ശ്വാസതടസ്സവുമുണ്ടായി. തുടര്‍ന്ന് അബോധാവസ്ഥയിലായ കുട്ടിയെ മരിച്ചെന്നു കരുതി ഉപേക്ഷിക്കുകയായിരുന്നുവെന്നും വെസ്ലി മൊഴി നല്‍കി.
ഷെറിന്റെ മൃതദേഹം കണ്ടെത്തിയശേഷമാണ് വെസ്ലി മൊഴി മാറ്റിയത്. പാലു കുടിക്കാത്തതിനു പുറത്തു നിര്‍ത്തിയപ്പോള്‍ കുട്ടിയെ കാണാതായെന്നായിരുന്നു ആദ്യമൊഴി. അന്നു വെസ്‌ലിയെ അറസ്റ്റു ചെയ്‌തെങ്കിലും
പിന്നീട് ജാമ്യത്തില്‍ വിട്ടിരുന്നു.
ഷെറിന്‍ മാത്യൂസിന്റെ മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്കു പൊലീസിനെ നയിച്ചതു വെസ്ലി മാത്യൂസിന്റെ കാറിനുള്ളിലെ മാറ്റില്‍നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകളാണ്. വീട്ടില്‍ വച്ചുതന്നെ കൊലപാതകം നടന്നെന്ന നിഗമനത്തിലാണു പൊലീസ്. രണ്ടു വര്‍ഷം മുന്‍പാണ് ബിഹാര്‍ നളന്ദയിലെ ബാലസംരക്ഷണ കേന്ദ്രത്തില്‍ നിന്ന് ഷെറിനെ ദത്തെടുത്തത.