രണ്ടും കല്‍പ്പിച്ച് കിം ജോങ് ഉന്‍ ; ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മാണവുമായി ആയുധശേഷി കൂട്ടാനൊരുങ്ങി ഉത്തരകൊറിയ

സോള്‍: തുടര്‍ച്ചയായുള്ള ആണവ മിസൈല്‍ പരീക്ഷണങ്ങള്‍ക്കു ശേഷം വീണ്ടും ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കാനൊരുങ്ങുകയാണ് ഉത്തരകൊറിയ. ലോകത്തിനു തന്നെ ഭീഷണി ഉയര്‍ത്താന്‍ കഴിയുന്ന ബാലിസ്റ്റിക് മിസൈല്‍ അന്തര്‍വാഹിനി നിര്‍മ്മാണത്തിലേര്‍പ്പെട്ടിരിക്കുകയാണ് ഉത്തരകൊറിയ എന്ന് അമേരിക്ക പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

ഉത്തരകൊറിയയുടെ നാവികസേനാ തുറമുഖത്ത് അന്തര്‍വാഹിനി നിര്‍മ്മാണം തകൃതിയായി നടക്കുന്നതായി യു.എസ് ഇന്‍സ്റ്റിറ്റ്യൂട്ടാണ് റിപ്പോര്‍ട്ടു ചെയ്തിരിക്കുന്നത്.
നവംബര്‍ അഞ്ചിനെടുത്ത നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഉപഗ്രഹ ചിത്രങ്ങള്‍ സഹിതമാണു റിപ്പോര്‍ട്ട്.സിന്‍പോ-സി ബാലിസ്റ്റിക് മിസൈല്‍ വഹിക്കാന്‍ ശേഷിയുള്ള അന്തര്‍വാഹിനിയാകാം നിര്‍മ്മിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

അന്തര്‍വാഹിനിയുടെ ഭാഗങ്ങളും ഘടകങ്ങളും തുറമുഖത്തിനു മധ്യഭാഗത്തായുള്ള നിര്‍മ്മാണ ഹാളിനകത്തേക്കും പുറത്തേക്കും നിരന്തരം കൊണ്ടുപോയിട്ടുണ്ട്.നവംബര്‍ അഞ്ചിലെ ചിത്രത്തില്‍ വൃത്താകൃതിയിലുള്ള രണ്ട് വലിയ വസ്തുക്കളാണുള്ളത്. അന്തര്‍വാഹിനിയുടെ പ്രധാന ഭാഗമാണിതെന്നു കരുതുന്നു.ഉത്തരകൊറിയയുടെ കൈവശമുള്ള റോമിയോ ക്ലാസ് അന്തര്‍വാഹിനിയില്‍ ഉള്ളതിനേക്കാളും വലുതാണിവ. അന്തര്‍വാഹിനിയില്‍നിന്നു മിസൈല്‍ തൊടുക്കുന്ന സംവിധാനത്തിന്റെ പരീക്ഷണം നടത്തുന്ന സ്റ്റാന്‍ഡിന്റെ ചിത്രങ്ങളും പുറത്ത് വിട്ടിട്ടുണ്ട്.

നേരത്തെ, കിം ജോങ് ഉന്നിനെതിരെ ശബ്ദമുയര്‍ത്തിയ ട്രംപിനെ കൊന്നുകളയേണ്ടത് അത്യാവശ്യമാണെന്ന് ഉത്തര കൊറിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.തങ്ങളുടെ അനിഷേധ്യ നേതാവ് കിം ജോങ് ഉന്നിനെ പരിഹസിച്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ വധിക്കുന്നതാണ് ഏറ്റവും അനുയോജ്യമെന്ന് ഉത്തരകൊറിയയുടെ ദേശീയ മാധ്യമം ‘റോഡോങ് സിന്മുന്നി’ലാണ് പറഞ്ഞിരിക്കുന്നത്.

ദക്ഷിണ കൊറിയയില്‍ സന്ദര്‍ശനത്തിനെത്തിയ ട്രംപ് കിം ജോങ്ങിനെ ക്രൂരനായ ഏകാധിപതിയെന്ന് വിശേഷിപ്പിച്ചിരുന്നു. ഇതിന് മറുപടിയായിട്ടാണ് ദേശീയ മാധ്യമത്തിന്റെ എഡിറ്റോറിയല്‍ പേജില്‍ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്.