നായപിടുത്തം ചെറിയ ജോലിയൊന്നുമല്ല മാസം 1,12,500 ശമ്പളം പക്ഷെ ചെയ്യാന്‍ മലയാളികളില്ല
കേരളത്തില്‍ തെരുവുനായകളുടെ ശല്യം വളരെ രൂക്ഷമാണ്. ഇത് ചൊല്ലിയുള്ള വാര്‍ത്തകളും അപകടങ്ങളും നാം സ്ഥിരം കാണുന്നുമുണ്ട്. എന്നാല്‍ ഇതിന് പരിഹാരമായി നായ്ക്കളെ വന്ധ്യംകരിക്കുക എന്നതാണ് സര്‍ക്കാര്‍ കണ്ടെത്തിയ പരിഹാരമാര്‍ഗം. തദ്ദേശസ്ഥാപനങ്ങള്‍ വഴിയാണ് ഇത് നടപ്പാക്കാന്‍ തുടങ്ങിയത്. എന്നാല്‍ നായ്ക്കളെ പിടികൂടി തദ്ദേശസ്ഥാപനങ്ങളില്‍ എത്തിക്കാന്‍ ആളെ കിട്ടാത്ത സാഹചര്യം വന്നതോടെ ഇതും പാതിവഴിയില്‍ നിലയ്ക്കുകയായിരുന്നു.
എന്നാലിപ്പോഴിതാ നായ് പിടുത്തക്കാര്‍ക്ക് വമ്പന്‍ ഓഫറുകളാണ് ഇപ്പോള്‍ നിലവിലുള്ളത്. ഇനി നായപിടുത്തം മോശം തൊഴിലാണെന്ന് കരുതരുത്. കാരണം ലക്ഷപ്രഭുവാകാനുള്ള ചവിട്ടുപടിയാണിപ്പോള്‍ നായപിടുത്തം. മൃഗജനന നിയന്ത്രണ (എ.ബി.സി.) പദ്ധതിക്കായി തദ്ദേശസ്ഥാപനങ്ങള്‍ നായപിടിത്തക്കാരെ തേടുകയാണ്. ഇതുവഴിയുള്ള വരുമാനം കേട്ടാല്‍ ഞെട്ടും. ഒരു നായയെ പിടിച്ച് എ.ബി.സി. പദ്ധതിയുെട ആംബുലന്‍സിലെത്തിച്ചാല്‍ 250 രൂപ കിട്ടും. 15 എണ്ണത്തെ പിടിച്ചാല്‍ത്തന്നെ ദിവസം 3,750 രൂപയായി. 30 ദിവസവും പണിയെടുത്താല്‍ മാസം 1,12,500 രൂപ. എന്നാല്‍ ഒരുദിവസം 15 എന്നൊരു കണക്കില്ല എത്രനായകളെവേണമെങ്കിലും പിടിക്കാം അങ്ങനെനോക്കിയാല്‍ കഴിവുപോലെ പണമുണ്ടാക്കാം.
ഇതിനുപുറമേ നായ്ക്കളെ പിടിക്കാന്‍ വാഹന സൗകര്യവും തദ്ദേശസ്ഥാപനം നല്‍കും. നായ്ക്കൂടോടുകൂടിയ ആംബുലന്‍സാണിത്. ഇതിന് പ്രത്യേക അലവന്‍സുമുണ്ട്. ദിവസം 2,000 രൂപ. വാഹനത്തിന് ഇതില്‍നിന്ന് ഇന്ധനമടിക്കണം. ബാക്കി തുക ഇതില്‍ നിന്നും മിച്ചം പിടിക്കാം. കേട്ടപാടെ വെറുതെയങ്ങ് കയറി നായ്ക്കളെ പിടിക്കാനിറങ്ങണ്ട. നായപിടിത്തത്തില്‍ പരിശീലനം നേടിയ സര്‍ട്ടിഫിക്കറ്റ് വേണം. നായ്ക്കളെ പേടിപ്പിക്കാതെയും വേദനിപ്പിക്കാതെയും മൃഗസൗഹൃദവല ഉപയോഗിച്ചുവേണം പിടിക്കാന്‍.
പിടികൂടുന്ന നായ്ക്കളെ ജനനനിയന്ത്രണ ശസ്ത്രക്രിയ കഴിഞ്ഞ് പിടിച്ച സ്ഥലത്ത് കൊണ്ടുവിടണം. ഇതിനും ആംബുലന്‍സ് സേവനം കിട്ടും.
നിലവില്‍ കേരളത്തില്‍ നായപിടിത്ത പരിശീലനകേന്ദ്രങ്ങളില്ല. പരിശീലനം നല്‍കുന്നവരുണ്ട്. പക്ഷേ, അവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികാരമില്ല. ഊട്ടിയിലാണ് നായപിടിത്ത പരിശീലനവും സര്‍ട്ടിഫിക്കറ്റും നല്‍കുന്ന സ്ഥാപനമുള്ളത്. ഇവിടെനിന്ന് പരിശീലനം നേടി കേരളത്തിലുള്ളത് എട്ടുപേര്‍ മാത്രം. ബാക്കിയെല്ലാം തമിഴ്‌നാട്ടുകാരാണ്. അവരാണിപ്പോള്‍ കേരളത്തില്‍ നായപിടിച്ച് പണം സമ്പാദിക്കുന്നത്.