കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോയി തിരിച്ചുകിട്ടിയത് 20 വര്‍ഷം കഴിഞ്ഞ്

ജര്‍മനിയിലെ ഫ്രാങ്ക്ഫര്ട്ടിലാണ് സംഭവം. സ്വന്തം കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്ന ഉടമയ്ക്ക് കാര്‍ തിരികെ കിട്ടിയത് 20 വര്‍ഷത്തിന് ശേഷമാണ്. ജര്മനിയില്‍തന്നെ മുന്‍പും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. എന്നാല്‍ അന്ന് മറന്നുവച്ച കാര്‍ രണ്ട് വര്‍ഷത്തിന് ശേഷം ഉടമയ്ക്ക് തിരികെ കിട്ടിയിരുന്നു.

എന്നാലിപ്പോള്‍ 1997 ല്‍ പാര്‍ക്ക് ചെയ്ത കാറാണ് 76 കാരനായ ജര്‍മന്‍ സ്വദേശിക്ക് 20 വര്‍ഷത്തിന് ശേഷം തിരികെ ലഭിച്ചത്. അന്ന് കാര്‍ പാര്‍ക്ക് ചെയ്ത സ്ഥലം മറന്നുപോയതിനാല്‍ അന്വേഷിക്കാന്‍ സാധിച്ചില്ല. കാര്‍ മോഷണം പോയതാണെന്ന് കരുതി 56 കാരന്‍ അന്ന് പൊലീസില്‍ പരാതി നല്കി പൊലീസ് പലയിടത്തും അന്വേഷിച്ചെങ്കിലും കാര്‍ കണ്ടെത്താനായില്ല. ഒടുവില്‍ കഴിഞ്ഞ ദിവസം, അടഞ്ഞുകിടന്ന ഒരു വ്യവസായിക കെട്ടിടത്തിന്റെ പാറിക്കിങ്ങില്‍ നിന്നാണ് ഈ കാര്‍ പൊലീസിന് ലഭിക്കുന്നത്.

കാലപ്പഴക്കം മൂലം കെട്ടിടം പൊളിച്ചു നീക്കാനെത്തിയവരാണ് കാര്‍ കണ്ടെത്തിയത്. ഇവര്‍ കെട്ടിട ഉടമയെ വിളിച്ച് അന്വേഷിച്ചെങ്കിലും അയാള്‍ക്ക് ഇത്തരമൊരു കാറിനെ കുറിച്ച് അറിയില്ലെന്ന മറുപടിയായിരുന്നു.

തുടര്‍ന്ന് ഇവര്‍ പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് 20 വര്‍ഷങ്ങള്‍ക്ക് മുന്‍പ് പോലീസിന് കണ്ടെത്താനാകാതെ പോയകാറാണിതെന്ന് മനസിലായത്.

പൊലീസ് അറിയിച്ചപ്പോളാണ് കാര്‍ പാര്‍ക്ക് ചെയ്തത് എവിടെയാണെന്ന കാര്യം ഉടമയ്ക്ക് ഓര്‍മ്മ വന്നത്. കാലപ്പഴക്കം മൂലം കേടായ കാറിനെ മറ്റൊരു വാഹനത്തില്‍ കയറ്റിയാണ് കൊണ്ടുപോയത്.