പി.വി അന്‍വറിന്റെ വിവാദ വാട്ടര്‍തീം പാര്‍ക്കിന് ആരോഗ്യ വകുപ്പിന്റെയും അനുമതിയില്ല
തിരുവമ്പാടി:പി.വി.അന്‍വര്‍ എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് ആരോഗ്യ വകുപ്പിന്റെ അനുമതിയില്ലാതെയെന്ന് റിപ്പോര്‍ട്ട്. ഇങ്ങനെയുള്ള ഒരു സ്ഥാപനം പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ വകുപ്പിന്റെ അനുമതി വേണമെന്നിരിക്കെ ഇത് സംബന്ധിച്ച് ഒരപേക്ഷ പോലും എം.എല്‍.എ നല്‍കിയിട്ടില്ലെന്നാണ് ബന്ധപ്പെട്ടവര്‍ ചൂണ്ടിക്കാട്ടുന്നത്.
നിയമങ്ങള്‍ക്ക് പുല്ലുവില നല്‍കികൊണ്ട് പ്രവര്‍ത്തിക്കുന്ന എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക് എട്ടോളം നിയമലംഘനങ്ങള്‍ നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് ആരോഗ്യവകുപ്പിന്റെ എന്‍.ഒ.സിയും പാര്‍ക്കിന് ഇല്ല എന്നത്.
ദിവസവും നിരവധി ആളുകളെത്തുന്ന പാര്‍ക്കാണിത്.
പ്രധാനമായും വെള്ളവുമായി ബന്ധപ്പെട്ടാണ് പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത് എന്നത് കൊണ്ട് തന്നെ ആരോഗ്യ വകുപ്പിന്റെ അനുമതി ലഭിക്കാതെ ഇത്തരമൊരു പാര്‍ക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയില്ല.എന്നാല്‍ ഇത് സംബന്ധിച്ച് ഒരപേക്ഷ പോലും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നാണ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. നിയമലംഘനങ്ങള്‍ നടന്നിട്ടുണ്ടെന്ന കാര്യം തെളിവ് സഹിതം പുറത്ത് വന്നിട്ടും ഇതുവരെ ഇത് സംബന്ധിച്ച് നടപടിയൊന്നുമെടുത്തിരുന്നില്ല.