കൊല്‍ക്കത്ത ടെസ്റ്റ്: ഒന്നാം ഇന്നിങ്‌സില്‍ തകര്‍ന്നടിഞ്ഞ് ഇന്ത്യ;172ന് ആള്‍ ഔട്ട്

കൊല്‍ക്കത്ത: ഈഡന്‍ ഗാര്‍ഡന്‍സില്‍ മൂന്നാം ദിനത്തിലും കരകയറാനാവാതെ ഇന്ത്യ. ലങ്കയ്‌ക്കെതിരെ ആദ്യ ടെസ്റ്റിലെ ഒന്നാം ഇന്നിങ്‌സില്‍ കരുത്തുറ്റ ഇന്ത്യന്‍ ബാറ്റിങ് നിര 172 റണ്‍സിനു പുറത്തായി. 52 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയാണ് ഇന്ത്യന്‍ നിരയില്‍ അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. വൃദ്ധിമാന്‍ സാഹ(29), രവീന്ദ്ര ജഡേജ(22), മുഹമ്മദ് ഷാമി(24) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍. ലങ്കയ്ക്കു വേണ്ടി ലക്മല്‍ 26 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തി. മഴ പലപ്പോഴും തടസ്സപ്പെടുത്തിയ മത്സരത്തില്‍ രണ്ടര ദിവസം കൊണ്ടാണ് ഇന്ത്യ ഒന്നാം ഇന്നിങ്‌സ് പൂര്‍ത്തിയാക്കിയത്.

കനത്ത മഴമൂലം രണ്ടാം ദിവസത്തെ കളി ഉച്ചയോടെ അവസാനിപ്പിച്ചിരുന്നു.32.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 74 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ അപ്പോള്‍.

നേരത്തേ, ഏറിയ പങ്കും മഴ വില്ലനായ കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനം ഇന്ത്യ ബാറ്റിങ്ങില്‍ തകര്‍ന്നിരുന്നു. മഴമൂലം വൈകി തുടങ്ങുകയും നേരത്തെ അവസാനിപ്പിക്കുകയു ചെയ്ത മല്‍സരത്തിന്റെ ഒന്നാം ദിനം മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 17 റണ്‍സ് എന്ന നിലയിലായിരുന്നു ഇന്ത്യ. 11.5 ഓവര്‍ മാത്രമാണ് ആദ്യ ദിനത്തില്‍ കളി നടന്നത്. ആറ് ഓവര്‍ ബോള്‍ ചെയ്ത് ആറും മെയ്ഡനാക്കി മൂന്നു വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മലിന്റെ മാസ്മരിക പ്രകടനമാണ് ആദ്യ ദിനം ലങ്കയ്ക്ക് മുന്‍തൂക്കം സമ്മാനിച്ചത്. ഇന്ത്യന്‍ നിരയില്‍ കെ.എല്‍.രാഹുല്‍, ശിഖര്‍ ധവാന്‍, ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി എന്നിവരാണ് ഒന്നാം ദിനത്തില്‍ പുറത്തായത്.

മൂന്നു മല്‍സരങ്ങളാണു പരമ്പരയിലുള്ളത്. ഇന്ത്യയ്‌ക്കെതിരെ ഇന്ത്യയില്‍ നടന്ന 17 ടെസ്റ്റിലും ലങ്കയ്ക്കു തോല്‍വിയായിരുന്നു ഫലം. എല്ലാ ഫോര്‍മാറ്റിലുമായി ഈ വര്‍ഷം വിവിധ രാജ്യങ്ങള്‍ക്കെതിരെ കളിച്ച 48 മല്‍സരങ്ങളില്‍ 34 മല്‍സരങ്ങളിലും ലങ്ക തോറ്റു.