ഇല്ലാത്ത റൂട്ടില്‍ ഓടിക്കാന്‍ 250 എ സി ബസ്‌ വാങ്ങാന്‍ കെ എസ് ആര്‍ ടി സി നീക്കം ; ഇല്ലാതായത് വമ്പന്‍ അഴിമതിക്കുള്ള സാധ്യത

ഇല്ലാത്ത റൂട്ടില്‍ ഓടിക്കാന്‍ 250 എ സി ബസ്‌ വാങ്ങാന്‍ കെ എസ് ആര്‍ ടി സി സാങ്കേതികവിഭാഗത്തിന്റെ നീക്കം കെ.എസ്.ആര്‍.ടി.സി. മേധാവി എ. ഹേമചന്ദ്രന്‍ തടഞ്ഞു. കിഫ്ബി വായ്പയുടെ മറവിലാണ് ഇത്രയും ബസുകള്‍ വാങ്ങുവാന്‍ സാങ്കേതികവിഭാഗം നീക്കം നടത്തിയത്. പരമാവധി 60 എ.സി. ബസുകള്‍ ആവശ്യമുള്ളപ്പോഴാണ് വായ്പത്തുകയില്‍ വമ്പന്‍ ഇടപാടിന് സാങ്കേതികവിഭാഗം മുതിര്‍ന്നത്. നിലവിലെ സാഹചര്യത്തില്‍ 250 എ.സി. ബസുകള്‍ ഓടിക്കാനാവശ്യമായ പെര്‍മിറ്റുകള്‍ കെ.എസ്.ആര്‍.ടി.സി.ക്കില്ല. ഇതുസംബന്ധിച്ച് സാധ്യതാപഠനം നടത്താതെയാണ് സാങ്കേതികവിഭാഗം ബസ് വാങ്ങാന്‍ ശുപാര്‍ശനല്‍കിയത്. അന്തസ്സംസ്ഥാന പാതകളില്‍ മള്‍ട്ടി ആക്‌സില്‍ ബസുകളാണ് ഉപയോഗിക്കുന്നത്. വാടക സ്‌കാനിയ ബസുകള്‍ എത്തിയതോടെ ഈ റൂട്ടിലെ സ്വന്തം ബസുകള്‍ പിന്‍വലിച്ചിരുന്നു. ഡീലക്‌സ് ബസുകള്‍ ഓടിയിരുന്ന റൂട്ടുകളിലാണ് അവ ഇപ്പോള്‍ ഉപയോഗിക്കുന്നത്.

തമിഴ്‌നാടുമായി പുതിയ കരാറില്‍ ഒപ്പിട്ടാല്‍പ്പോലും 250 എ.സി. ബസുകള്‍ ഓടിക്കാന്‍ കഴിയില്ല എന്നതാണ് സത്യം. അതുപോലെ ജില്ലകളെ ബന്ധിപ്പിച്ചുകൊണ്ട് ഇന്റര്‍സിറ്റി സര്‍വീസുകള്‍ ആരംഭിച്ചാലും പരമാവധി 60 ബസുകള്‍ മാത്രം മതിയാകും. ഇതൊന്നും പരിഗണിക്കാതെയാണ് സാങ്കേതികവിഭാഗം ബസുകളുടെ എണ്ണം കൂട്ടിയത്. ഇപ്പോള്‍ തന്നെ കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴലുന്ന സ്ഥാപനത്തിന് ബാധ്യതയായി മാറിയേക്കാവുന്ന നീക്കത്തിനാണ് എം.ഡി തടയിട്ടത്. മുന്നൊരുക്കമില്ലാതെയുള്ള ബസ്, സ്‌പെയര്‍പാര്‍ട്‌സ് വാങ്ങലുകള്‍ കെ.എസ്.ആര്‍.ടി.സി.ക്ക് നഷ്ടമുണ്ടാക്കിയ ചരിത്രമാണുള്ളത്.