തലസ്ഥാനത്തെ പിന്നെയും കലാപ ഭൂമിയാക്കാന്‍ശ്രമം സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടിന് നേരെയും ആക്രമണം

തലസ്ഥാനത്ത് വീണ്ടും സിപിഐഎം ഓഫീസുകള്‍ക്കും പ്രവര്‍ത്തകരുടെ വീടിന് നേരെയും ആര്‍എസ്എസ്-ബിജെപി ആക്രമണങ്ങള്‍. ഇന്നലെ രാത്രിയോടെ വ്യാപകമായാണ് വീടുകള്‍ക്ക് നേരെയും വഞ്ചിയൂര്‍ ഏരിയാ സമ്മേളന സ്വാഗത സംഘം ഓഫീസിന് നേരെയും ആക്രമണം നടന്നത്. ആര്‍എസ്എസ് നേതാവ് രാജേഷ് കൊല്ലപ്പെട്ടതിന് സമീപത്ത് സ്ഥാപിച്ച ഓഫീസ് തകര്‍ത്തത് പ്രകോപന ശ്രമമാണെന്ന് സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു. ആര്‍എസ്എസ് നേതാവ് രാജേഷ് കൊല്ലപ്പെട്ടതിന് സമീപത്തായാണ് സ്വാഗത സംഘം ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്.

ശ്രീകാര്യം ഇടവക്കോടുള്ള സിപിഐഎം സ്വാഗത സംഘം ഓഫീസാണ് ആര്‍എസ്എസ്-ബിജെപി പ്രവര്‍ത്തകര്‍ തീയിട്ട് നശിപ്പിച്ചത്. ഇതിന് പുറമെയാണ് സിപിഐഎം പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ നടന്ന ആക്രമണം. ഡിവൈഎഫ്ഐ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ വീടിന് നേരെ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് ആക്രമണം നടത്തിയത്. അക്രമത്തില്‍ വീടിന്റെ ജനല്‍ തകര്‍ന്നു. ഉഴമലയ്ക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് എ.റഹീം, പാമാംകോട് വാര്‍ഡ് മെമ്പര്‍ ബി.ശശികല എന്നിവരുടെ വീട് നേരെയും ആക്രമം നടന്നു. ബിജെപി പ്രവര്‍ത്തകരാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം. പൊലീസ് സംഭവത്തില്‍ കേസെടുത്തു.