കപ്പടിക്കാന്‍ ഈ കളി മതിയാകില്ല ബ്ലാസ്റ്റേഴ്സ്; ആവേശമൊട്ടുമില്ലാതെ ഐഎസ്എല്‍ ആദ്യ മത്സരം

ഉദ്ഘാടനച്ചടങ്ങിലെ സല്‍മാന്‍ ഖാന്റെയും കത്രീന കൈഫിന്റെയും നൃത്തച്ചുവടുകളല്ലാതെ ഐഎസ്എല്‍ ഉദ്ഘാടന മത്സരം ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഓര്‍ക്കാന്‍ ഏറെയൊന്നും നല്‍കിയില്ല. നാല്‍പ്പതിനായിരത്തോളം വരുന്ന ആരാധകരുടെ ആര്‍പ്പു വിളികളും പിന്തുണയും ബ്ലാസ്റ്റേഴ്‌സിനെ ഉണര്‍ത്തിയില്ല. കാല്‍പ്പന്തുത്സവത്തിന്റെ പുതിയ പതിപ്പിന് ആവേശത്തുടക്കം പ്രതീക്ഷിച്ചെത്തിയ ആരാധകക്കൂട്ടത്തെ നിരാശരാക്കി ഉദ്ഘാടന മല്‍സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും അമര്‍ തൊമര്‍ (എടി) കൊല്‍ക്കത്തയും ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു.

ആദ്യ പകുതിയില്‍ 42 ാം മിനുട്ടിലാണ് ബ്ലാസ്റ്റേഴ്‌സ് ഒത്തിണക്കത്തോടെ ഒരു മുന്നേറ്റം നടത്തിയത്. ആതിഥേയരെ അപേക്ഷിച്ച് മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തത് എടികെയായിരുന്നു. മത്സരത്തിന്റെ 14ാം മിനുട്ടില്‍ മികച്ചൊരു സേവുമായി പോള്‍ റചുബ്കയാണ് കേരളത്തെ രക്ഷിച്ചു. രണ്ടാം പകുതി തുടങ്ങി 49ാം മിനുട്ടില്‍ സികെ വീനിതിന്റെ ഷോട്ടാണ് കേരളത്തിനു ലഭിച്ച ഏറ്റവും മികച്ച അവസരം. വിനീതിന്റെ ഷോട്ട് ഗോള്‍കീപ്പര്‍ മജൂംദാര്‍ തടുത്തപ്പോള്‍ ലഭിച്ച റീബൗണ്ട് ഒ പെക്കൂസണ്‍ പുറത്തേക്ക് അടിച്ചു കളഞ്ഞു.

67ാം മിനുട്ടില്‍ കറേജ് പെക്കൂസണും മാര്‍ക്ക് സിഫെനിയോസും ചേര്‍ന്ന് മികച്ച കോമ്പിനേഷനില്‍ ഒരു അവസരം തുറന്നെടുത്തുവെങ്കിലും കൊല്‍ക്കത്ത നായകന്‍ അത് ഒഴിവാക്കി. 60ാം മിനുട്ടില്‍ ഇയാന്‍ ഹ്യൂമിനെ സബസ്റ്റിറ്റിയൂട്ട് ചെയ്ത് യുവ താരം മാര്‍ക്ക് സിഫെനിയോസിനെ ബ്ലാസ്റ്റേഴ്‌സ് കളത്തിലിറക്കി. തുടര്‍ന്ന് സികെ വിനീതിന് പകരം മലയാളി താരം പ്രശാന്തിനെ കളത്തില്‍ ഇറക്കി. അവസരങ്ങള്‍ മുതലാക്കാനാകാതെ ആദ്യ മത്സരത്തില്‍ ഇരു ടീമുകളും സമനിലയില്‍ പിരിഞ്ഞു. ഉജ്വലം എന്നു വിശേഷിപ്പിക്കാവുന്ന ഒരു മല്‍സരക്കാഴ്ച പോലും അവശേഷിപ്പിക്കാതെയാണ് മത്സരത്തിന് അവസാന വിസിലുയര്‍ന്നത്.

ബ്ലാസ്റ്റേഴ്സിന്റെ നെമഞ്ചയാണ് കളിയിലെ താരം. ഇനി 24ന് കൊച്ചിയില്‍ സാക്ഷാല്‍ സ്റ്റീവ് കൊപ്പലിന്റെ ജംഷഡ്പുര്‍ എഫ്‌സിക്കെതിരായാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത പോരാട്ടം.
വീഡിയോ: