സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള വെബ്സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട്
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലുള്ള വെബ്സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്ന് റിപ്പോര്‍ട്ട്. യൂണീക്ക് ഐഡന്റിഫിക്കേഷന്‍ അതോറിട്ടി ഓഫ് ഇന്ത്യ (യുഐഡിഎഐ) യാണ് 210 വെബ്സൈറ്റുകളിലൂടെ ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നു എന്ന് വെളിപ്പെടുത്തിയിരിക്കുന്നത്. വിവരവകാശ നിയമം പ്രകാരം നല്കിയ അപേക്ഷയിലാണ് ആധാര്‍ വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റുകളിലൂടെ പരസ്യപ്പെട്ടുവെന്നും എന്നാല്‍ സമയോചിതമായ ഇടപെടലിലൂടെ വിവരങ്ങള്‍ ഈ വെബ്സൈറ്റുകളില്‍ നിന്നും നീക്കം ചെയ്തുവെന്നും യുഐഡിഎഐ വിശദീകരിച്ചത്. എന്നാല്‍ എപ്പോഴാണ് വിവരങ്ങള്‍ ചോര്‍ന്നതെന്ന് യുഐഡിഎഐ വ്യക്തമാക്കിയില്ല.
കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ മേല്‍നോട്ടത്തിലുള്ള 210 വെബ്സൈറ്റുകളിലൂടെയാണ് ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നത്. ഇതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റും ഉള്‍പ്പെടുന്നു. വ്യക്തികളുടെ പേര്, വിലാസം, മറ്റ് പ്രാഥമിക വിവരങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം ആധാര്‍ നമ്പറും പരസ്യപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വിവരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന കരാര്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ആധാര്‍ വിവരങ്ങള്‍ ഈ വെബ്സൈറ്റുകളില്‍ നിന്നും യുഐഡിഎഐ നീക്കം ചെയ്തതായി വിവരാവകാശ രേഖ വ്യക്തമാക്കുന്നു.