ന്യൂസിലാന്ടില്‍ കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളി കുടുംബം ഗുരുതരാവസ്ഥയിൽ
കാട്ടുപന്നിയുടെ ഇറച്ചി കഴിച്ച മലയാളി കുടുംബം ഗുരുതരാവസ്ഥയിൽ ആസ്പത്രിയിൽ. ഒരാഴ്ചയായി കുടുംബം അബോധാവസ്ഥയില്‍ ആണ്. കൊല്ലം കൊട്ടാരക്കര നീലേശ്വരം ഷിബുസദനത്തിൽ ഷിബു കൊച്ചുമ്മൻ (35), ഭാര്യ സുബി ബാബു (32), ഷിബുവിന്റെ അമ്മ ഏലിക്കുട്ടി ഡാനിയേൽ (62) എന്നിവരാണ് വൈകാടോയിലെ ആശുപത്രിയില്‍ കഴിയുന്നത്. ബോട്ടുലിസം എന്ന ഭക്ഷ്യവിഷബാധയാണ് അബോധാവസ്ഥയ്ക്ക് കാരണമെന്നാണ് പ്രാഥമികനിഗമനം. ഇവർ കഴിച്ച മാംസം രാസപരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതിന്റെ ഫലം കിട്ടിയാലേ യഥാർഥ കാരണം വ്യക്തമാവൂ. ഷിബുവും കൂട്ടുകാരും ഇടയ്ക്ക് വേട്ടയ്ക്കു പോകാറുണ്ടെന്ന് ഇവരുടെ സുഹൃത്ത് സോജൻ ജോസഫിനെ ഉദ്ധരിച്ച് ‘ഡെയ്‌ലി മെയിൽ’ റിപ്പോർട്ട് ചെയ്തു. ഇങ്ങനെ ലഭിച്ച ഇറച്ചിയാണ് കുടുംബത്തിന്‍റെ ഈ അവസ്ഥയ്ക്ക് കാരണമായത്.
ന്യൂസീലൻഡിൽ വേട്ട നിയമവിരുദ്ധമല്ല. നവംബര്‍ പത്തിനാണ് സംഭവം നടന്നത്. കഴിച്ചു കഴിഞ്ഞ് 15 മിനിറ്റിനകം ഛർദി തുടങ്ങി. അരമണിക്കൂറിനകം മൂന്നുപേരും അവശരായി. ഏഴും ഒന്നും വയസ്സുള്ള കുട്ടികളുണ്ട് ഇവർക്ക്. കുടുംബം അത്താഴം കഴിക്കുമ്പോൾ കുട്ടികൾ ഉറക്കമായിരുന്നു. കുട്ടികൾ ഇപ്പോൾ ഹാമിൽട്ടൺ മാർത്തോമ പള്ളിയുടെ സംരക്ഷണത്തിലാണ്. വിഷബാധ പൂർണമായി നീങ്ങി ആരോഗ്യം വീണ്ടെടുക്കാൻ കൂടുതൽ സമയം വേണ്ടിവരുമെന്ന് ഡോക്ടർമാർ അറിയിച്ചു. അതേസമയം ബോധം തിരിച്ചുകിട്ടിയാലും പക്ഷാഘാതം പോലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവാനുള്ള സാധ്യതയേറെയാണ്. ഇവരുടെ അവസ്ഥയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആസ്പത്രി അധികൃതർ പറഞ്ഞു.