പത്മാവതി ; സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാതെ കേന്ദ്രസര്‍ക്കാര്‍ ; ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു

സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കാത്തതിനെ തുടര്‍ന്ന്‍ വിവാദചിത്രം പത്മാവതിയുടെ റിലീസ് മാറ്റിവച്ചു. നിര്‍മാതാക്കളായ വിയോകോം 18 മോഷന്‍ പികചേഴ്‌സാണ് റിലീസിങ്ങ് തീയതി ഡിസംബര്‍ 1 ല്‍ നിന്ന് മാറ്റിയതായി അറിയിച്ചത്. എത്രയും വേഗം തടസ്സങ്ങള്‍ നീങ്ങി സെന്‍സര്‍ബോര്‍ഡിന്റെ അനുമതി ചിത്രത്തിന് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും നിര്‍മാതാക്കള്‍ അഭിപ്രായപ്പെട്ടു. സര്‍ട്ടിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാകും മുമ്പ് ചില ടിവി ചാനലുകള്‍ക്ക് ചിത്രം സ്‌ക്രീനിംഗിന് നല്‍കിയതിനെ സെന്‍സര്‍ബോര്‍ഡ് ചെയര്‍മാന്‍ പ്രസൂണ്‍ ജോഷി വിമര്‍ശിച്ചിരുന്നു.

പത്മാവതിയുടെ പുതിയ റീലിസിങ്ങ് തീയതി എത്രയും വേഗം അറിയിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. രജപുത്രവികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ച് ഉത്തരേന്ത്യയിലാകെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ ശക്തമാണ്. ചിത്രത്തിന്റെ സംവിധായകന്‍ സഞ്ജയ് ലീലാ ബന്‍സാലിക്കും നായിക നടി ദീപികാ പദുക്കോണിനുമെതിരെ വധഭീഷണിവരെ ഇപ്പോള്‍ നിലവിലുണ്ട്.