അഴിമതി , കൈക്കൂലി എന്നിവയില്‍ ലോകത്ത് ഇന്ത്യക്ക് ഒന്നാംസ്ഥാനമെന്ന് സര്‍വ്വേ

ന്യൂഡല്‍ഹി : ലോകരാജ്യങ്ങളുടെ മുന്‍പില്‍ ഇന്ത്യക്ക് നാണക്കേടിന്റെ ഒരു ഒന്നാംസ്ഥാനം. അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യയെ ഒന്നാം സ്ഥാനത്ത് പ്രതിഷ്ഠിച്ചു കൊണ്ടുള്ള ‘ട്രാന്‍സ്പരന്‍സി ഇന്റര്‍നാഷനല്‍’ തയ്യാറാക്കിയ റിപ്പോര്‍ട്ട് പുറത്ത്. ഏഷ്യാ പസഫിക് മേഖലയിലെ അഴിമതി സംബന്ധിച്ച് ഒന്നര വര്‍ഷത്തോളം നടത്തിയ സര്‍വേയുടെ ഫലമാണ് ലോക അഴിമതി വിരുദ്ധ സഖ്യമായ ‘ട്രാന്‍സപരന്‍സി’ പുറത്തുവിട്ടത്. കൈക്കൂലി മുഖ്യമാക്കിയാണ് സര്‍വ്വേ നടത്തിയത്. ഇതില്‍ അടിസ്ഥാന സൗകര്യങ്ങള്‍ സ്വന്തമാക്കുന്നതിനു വേണ്ടി കൈക്കൂലി കൊടുക്കേണ്ടി വന്നുവെന്ന് സര്‍വേയില്‍ പങ്കെടുത്ത ഇന്ത്യക്കാരില്‍ 69 ശതമാനവും വ്യക്തമാക്കിയതായും ഇത് മേഖലയിലെ ഏറ്റവും ഉയര്‍ന്ന അഴിമതി നിരക്കാണെന്നും ട്രാന്‍സ്പരന്‍സിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. സര്‍ക്കാറില്‍ നിന്നുള്ള സേവനങ്ങള്‍ സ്വന്തമാക്കുന്നതിനു വേണ്ടി നാലില്‍ ഒരാള്‍ എന്ന നിരക്കില്‍ കൈക്കൂലി നല്‍കേണ്ടി വരുന്നുണ്ടെന്ന് സര്‍വേ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ കൈക്കൂലി നല്‍കേണ്ടി വരുന്നത് പോലീസിനാണ്; 39 ശതമാനം. ഐ.ഡി, വോട്ടര്‍ കാര്‍ഡ്, പെര്‍മിറ്റ് (23 ശതമാനം), കോടതി സേവനങ്ങള്‍ (23), പബ്ലിക് സ്‌കൂളുകള്‍ (22), പൊതു ആസ്പത്രികള്‍ (18) എന്നിവയാണ് ‘വിലയേറിയ’ മറ്റ് കൈക്കൂലി മേഖലകള്‍. ഇതില്‍ കോടതി സേവനങ്ങളൊഴികെ എല്ലാ മേഖലയിലെയും അഴിമതിയില്‍ ഇന്ത്യ ഏറെ മുന്നിലാണ്.

അതുപോലെ ഭരണകര്‍ത്താക്കള്‍ (37 ശതമാനം), സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ (35), പ്രാദേശിക ജനപ്രതിനിധികള്‍ (35), നികുതി ഉദ്യോഗസ്ഥര്‍ (29), ബിസിനസ് എക്‌സിക്യൂട്ടീവുമാര്‍ (29), ന്യായധിപന്മാര്‍ (25), മതനേതാക്കള്‍ (18) എന്നിങ്ങനെയാണ് സര്‍വ്വ മേഖലകളിലും കൈക്കൂലിയും അഴിമതിയും നിറഞ്ഞാടുന്ന സ്ഥിതിയാണ് ഇന്ത്യയില്‍. വിയറ്റ്‌നാം (65 ശതമാനം), തായ്‌ലാന്റ് (41), പാകിസ്താന്‍ (40), മ്യാന്മര്‍ (40) എന്നിവയാണ് അഴിമതിയുടെ കാര്യത്തില്‍ ഇന്ത്യക്ക് പിന്നിലുള്ള മറ്റു രാജ്യങ്ങള്‍. 16 ഏഷ്യാ പസഫിക് രാജ്യങ്ങളിലായി 900 ദശലക്ഷം കോടി ജനങ്ങള്‍ (മൊത്തം ജനസംഖ്യയുടെ നാലില്‍ ഒന്ന് എന്ന കണക്കില്‍) കഴിഞ്ഞ ഒന്നര വര്‍ഷത്തിനിടെ കൈക്കൂലി നല്‍കിയിട്ടുണ്ട്. 35 വയസ്സില്‍ താഴെയുള്ളവരാണ് കൈക്കൂലി നല്‍കുന്നവരില്‍ ഏറെയും. ഇക്കാര്യത്തില്‍ പുരുഷന്മാരും സ്ത്രീകളും തമ്മില്‍ കാര്യമായ വ്യത്യാസമില്ല. കൈക്കൂലിയും അഴിമതിയും തടയുമെന്ന് മാറി മാറി വരുന്ന സര്‍ക്കാരുകള്‍ പറയും എങ്കിലും സമസ്ത മേഖലകളിലും കൈക്കൂലി സര്‍വ്വസാധാരണമായ ഒന്നായി മാറിക്കഴിഞ്ഞു.