ദീപികയുടെയും ബന്‍സാലിയുടെയും തലവെട്ടുന്നവര്‍ക്കു 10 കോടി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ്
ചണ്ഡീഗഢ്: റിലീസിന് മുന്‍പേ വിവാദമായ ബോളിവുഡ് ചിത്രം പത്മാവതിയുടെ സംവിധായകന് സഞ്ജയ് ലീലാ ബന്‍സാലിയുടെയും നായിക ദീപിക പദുക്കോണിന്റെയും തല കൊയ്യുന്നവര്‍ക്ക് 10 കോടി രൂപ വാഗ്ദാനം ചെയ്ത് ബി.ജെ.പി നേതാവ്.പാര്‍ട്ടിയുടെ മുഖ്യ മാധ്യമ കോ ഓര്‍ഡിനേറ്ററായ സൂരജ് പാല് അമു ആണ് വിവാദ പ്രഖ്യാപനവുമായി രംഗത്തെത്തിയിരിക്കുന്നത്.
പത്മാവതിക്കൊപ്പം 200 ശതമാനവും ഉറച്ച് നില്‍ക്കുമെന്ന് പറഞ്ഞ നടന് രണ്‍വിര്‍ സിങ്ങിന്റെ കാലുകള്‍ തല്ലിയൊടിക്കുമെന്നും സൂരജ് പാല് ഭീഷണിപ്പെടുത്തി. പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ കാലുകള്‍ തല്ലിയൊടിച്ച് കയ്യില്ത്തരുമെന്നാണ് ഭീഷണി.ബന്‍സാലിയുടെ തല കൊയ്യുന്നവര്‍ക്ക് അഞ്ച് കോടി രൂപ നല്‍കുമെന്ന് പറഞ്ഞ മീററ്റിലെ ക്ഷത്രിയ സമാജം അംഗത്തെ പാല് അമു അഭിനന്ദിക്കുകയും ചെയ്തു. ഞങ്ങള്‍ നിയമം കയ്യിലെടുക്കാന്‍ ആഗ്രഹിക്കുന്നില്ല. പക്ഷേ ആരെങ്കിലും ഞങ്ങളുടെ സഹോദരിമാര്‍ക്കെതിരെ വിരല്‍ ചൂണ്ടിയാല്‍ കണ്ടു നില്‍ക്കാനാകില്ല- സൂരജ് പാല് അമു പറഞ്ഞു.
പത്മാവതി വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇടപെടണമെന്നും സൂരജ് പാല് ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, സിനിമയ്ക്കെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പരാതി ഫയല്‍ ചെയ്തിട്ടുണ്ടെന്ന് ലഖ്നൗവിലെ അഖണ്ഡ് രാഷ്ട്രീയവാദി പാര്‍ട്ടി അറിയിച്ചു. ചിത്രത്തെ പിന്തുണച്ച് വാര്‍ത്താ വിതരണ മന്ത്രി സ്മൃതി ഇറാനി നേരത്തേ രംഗത്ത് വന്നിരുന്നു. രാജ്യത്തെ നിയമ സംവിധാനങ്ങള്‍ പത്മാവതിയുടെ റിലീസിന് യാതൊരു വിധത്തിലുമുള്ള തടസ്സങ്ങള്‍ സൃഷ്ടിക്കില്ലെന്നാണ് സ്മൃതി ഇറാനി പറഞ്ഞത്. എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടായാല്‍ സര്‍ക്കാര്‍ അതിനെ നേരിടുമെന്നും സ്മൃതി ഇറാനി ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ഉറപ്പു നല്കി.
സിനിമയുടെ ചിത്രീകരണസമയത്തുതന്നെ ഒരുപാട് പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ചിറ്റോറിലെ റാണി പത്മാവതിയും ഡല്‍ഹി സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയും തമ്മിലുള്ള പ്രണയരംഗങ്ങള്‍ ചിത്രത്തിലുണ്ടെന്നും ഇത് തങ്ങളുടെ വികാരം വ്രണപ്പെടുത്തുന്നതാണെന്നും പറഞ്ഞ് രജപുത്രകര്‍ണിസേന രംഗത്തെത്തി. പിന്നാലെ രാജസ്ഥാനിലെ സിനിമാചിത്രീകരണസ്ഥലം ഒരു സംഘം ആക്രമിച്ചതോടെ ഷൂട്ടിങ് മഹാരാഷ്ട്രയിലെ കോലാപുരിലേക്കു മാറ്റി. ഇവിടെ ചിത്രീകരണത്തിനുള്ള ‘സെറ്റ്’ അക്രമി സംഘം തീയ്യിട്ട് നശിപ്പിച്ചിരുന്നു.കൂടാതെ സിനിമയുടെ സംവിധായകനെ കയ്യേറ്റം ചെയ്യുകയും ചെയ്തിരുന്നു.