ദിലീപ് സാക്ഷികളെ സ്വാധീനിച്ചുവെന്ന് അന്വേഷണ സംഘം; ദിലീപിനെതിരെ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷികളെ സ്വാധീനിക്കാന്‍ ജയിലില്‍നിന്ന് പുറത്തിറങ്ങിയ ശേഷം ദിലീപ് ശ്രമം നടത്തിയെന്ന് അന്വേഷണ സംഘം. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കും.
കേസിലെ മുഖ്യപ്രതിയായ സുനിക്കൊപ്പം ജയിലില്‍ ഉണ്ടായിരുന്ന ചാര്‍ളിയുടെ രഹസ്യമൊഴിയെടുക്കാനുള്ള ശ്രമം ദിലീപ് തടഞ്ഞതായി അന്വേഷണസംഘം പറയുന്നു. മൊഴി നല്‍കാന്‍ ചാര്‍ളി ആദ്യം സമ്മതിച്ചിരുന്നു. എന്നാല്‍ പിന്നീട് നിലപാട് മാറ്റുകയായിരുന്നു. ചാര്‍ളി മൊഴിനല്‍കാന്‍ വിസമ്മതിച്ചതിനു പിന്നില്‍ ദിലീപാണെന്നാണ് പോലീസ് വാദം.
നടിയും ഭാര്യയുമായ കാവ്യാ മാധവന്റെ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയിലെ ജീവനക്കാരന്‍
കേസിലെ സാക്ഷികളില്‍ ഒരാളായിരുന്നു. ഇയാളെയും ദിലീപ് സ്വാധീനിച്ചതായി പോലീസ് പറയുന്നു. ഇദ്ദേഹം പിന്നീട് മൊഴിമാറ്റിയിരുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ചാകും പോലീസ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക.
ചൊവ്വാഴ്ചയാണ് നടി ആക്രമിക്കപ്പെട്ട കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിക്കുക.ആകെ പതിനൊന്ന് പേരാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ എട്ടാം പ്രതിയാണ് ദിലീപ്.വ്യാപാരസ്ഥാപനത്തിന്റെ ശാഖാ ഉദ്ഘാടനത്തിന്റെ ഭാഗമായി വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് വിട്ടുകിട്ടണമെന്ന ആവശ്യവുമായി ദിലീപ് കോടതിയെ സമീപിച്ചിരുന്നു. ഈ വിഷയത്തില്‍ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടിലും കുറ്റപത്രത്തിലും സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപ് ശ്രമിച്ചെന്ന കാര്യം പോലീസ് ഉള്‍പ്പെടുത്തിയേക്കും.