സിപിഐ എന്ന വിഴുപ്പു ചുമക്കേണ്ടകാര്യം സിപിഎമ്മിനില്ലെന്ന് മന്ത്രി മണി
മലപ്പുറം;സി.പി.ഐയെ രൂക്ഷഭാഷയില്‍ വിമര്‍ശിച്ച് മന്ത്രി എം.എം. മണി. സി.പി.ഐ എന്ന വിഴുപ്പു ചുമക്കേണ്ടകാര്യം സി.പി.എമ്മിനില്ലെന്ന് അദ്ദേഹം പറഞ്ഞു. തോമസ് ചാണ്ടി പ്രശ്നത്തില്‍ ഹീറോ ചമയാനുള്ള സി.പി.ഐ ശ്രമം ശുദ്ധമര്യാദകേടാണ്. മുന്നണിമര്യാദ കാട്ടാന്‍ സി.പി.ഐ തയാറാകണം. മൂന്നാര്‍ അടക്കമുള്ള വിഷയങ്ങളിലുള്‍പ്പെടെ മുഖ്യമന്ത്രിയെ അറിയിക്കാതെയാണു സി.പി.ഐ നടപടികളെടുത്തതെന്നും മണി ആരോപിച്ചു. മലപ്പുറം വണ്ടൂരില്‍ സി.പി.എം ഏരിയാ സമ്മേളനത്തിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി മണി.
തോമസ് ചാണ്ടിയുടെ രാജിയിലൂന്നി ഇടതുമുന്നണിയില്‍ തര്‍ക്കങ്ങള്‍ ശക്തമായതോടെ പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും പെരുമാറ്റച്ചട്ടം ഏര്‍പ്പെടുത്തിയിരുന്നു. കൂടുതല്‍ പ്രകോപനപരമായ പ്രസ്താവനകള്‍ ഒഴിവാക്കണമെന്നു നേതാക്കള്‍ക്ക് ഇരുപാര്‍ട്ടികളും നിര്‍ദേശം നല്‍കിയതിനു പിന്നാലെയാണ് മണി സി.പിഐക്കെതിരെ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.
സി.പി.എമ്മിന്റെ ഏരിയാ സമ്മേളനങ്ങളും സി.പി.ഐയുടെ മണ്ഡലം സമ്മേളനങ്ങളും പുരോഗമിക്കുന്നതിനിടെ ഭിന്നത മൂര്‍ച്ഛിക്കുന്നതു ഗുണകരമാകില്ലെന്ന വിലയിരുത്തലീലാനി എല്‍.ഡി.എഫ്. അതേസമയം, ബുധനാഴ്ച ചേരുന്ന സംസ്ഥാന നിര്‍വാഹകസമിതി യോഗത്തിനു മുമ്പ് സി.പി.എമ്മുമായി ചര്‍ച്ച നടത്താനുള്ള നീക്കങ്ങള്‍ക്കാണ് സി.പി.ഐ ശ്രമിക്കുന്നത്.തോമസ് ചാണ്ടി പങ്കെടുത്താല്‍ തങ്ങളുടെ പ്രതിനിധികള്‍ മന്ത്രിസഭാ യോഗത്തിലുണ്ടാകില്ലെന്ന വിവരം സി.പി.എമ്മിനെ അറിയിച്ചിരുന്നുവെന്നാണു സി.പി.ഐ വാദം. എന്നിട്ടും ചാണ്ടി പങ്കെടുക്കുന്ന സാഹചര്യമുണ്ടായപ്പോള്‍ തീരുമാനം നടപ്പിലാക്കുകയായിരുന്നു. ഇതില്‍ അസ്വഭാവികതയില്ലെന്നും സി.പി.ഐ വാദിക്കുന്നു.
എന്നാല്‍ സി.പി.ഐ മുന്നണി മര്യാദ ലംഘിച്ചുവെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് സി.പി.എം. മന്ത്രിസഭായോഗം ബഹിഷ്കരിക്കുന്ന സാഹചര്യം ഉണ്ടാവാന്‍ പാടില്ലായിരുന്നു. ആ വികാരമാണ് ആനത്തലവട്ടം ആനന്ദനിലൂടെ കഴിഞ്ഞ ദിവസം പുറത്തുവന്നത്. എന്നാല്‍ പുതിയ സാഹചര്യത്തില്‍ പ്രശ്നം വഷളാക്കുന്ന സമീപനം വേണ്ടെന്നു സി.പി.എമ്മും നിലപാടെടുക്കുന്നു.