കൊല്‍ക്കത്ത ടെസ്റ്റിന് ആവേശാന്ത്യം; അവസാന ദിനം ആഞ്ഞടിച്ച് ഇന്ത്യ; കഷ്ടിച്ച് രക്ഷപ്പെട്ട് ലങ്ക
കൊല്‍ക്കത്ത; മഴ മൂലം വിരസമായ ആദ്യ രണ്ടു ദിനങ്ങള്‍ക്ക് ശേഷം കൊല്‍ക്കത്ത ക്രിക്കറ്റ് ടെസ്റ്റ് അവസാന ദിനം ആവേശത്തിലാവസാനിച്ചു. മത്സരം ആവേശമായത് തോല്‍വിയുടെ വക്കില്‍ നിന്നും മികച്ച നിലയിലേക്ക് ഇന്നിംഗ്‌സ് പടുത്തുയര്‍ത്തിയ ശേഷമുള്ള ഇന്ത്യയുടെ ഡിക്ലറേഷനാണെന്നു പറയുന്നതില്‍ തെറ്റില്ല.
മത്സരം സമനിലയില്‍ അവസാനിച്ചെങ്കിലും ഉജ്വലമായ സമാപനമായിരുന്നു കൊല്‍ക്കത്ത ടെസ്റ്റിന്റേത്. സ്‌കോര്‍ ഇന്ത്യ: 172 & 352/8. ശ്രീലങ്ക: 294 & 75/7. അഞ്ചാം ദിനം ഉച്ചഭക്ഷണം കഴിഞ്ഞ് ആദ്യ സെഷനില്‍തന്നെ എട്ടിനു 352 റണ്‍സെന്ന നിലയില്‍ കളിയവസാനിപ്പിച്ച ഇന്ത്യ, ശ്രീലങ്കയ്ക്കു മുന്നില്‍വച്ചത് 231 റണ്‍സിന്റെ വിജയലക്ഷ്യം. 119 പന്തില്‍ 12 ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 104 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.
ചെറുതല്ലാത്ത വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്ക സമനില ലക്ഷ്യംവച്ചാണ് ബാറ്റിങിനിറങ്ങിയതെന്ന് തോന്നി.എന്നാല്‍ തുടക്കത്തിലേ രണ്ടു വിക്കറ്റ് വീഴ്ത്തി വിജയം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഇന്ത്യന്‍ ബൗളര്‍മാര്‍ നിലപാട് വ്യക്തമാക്കി. 26.3 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 75 റണ്‍സ് എന്ന നിലയിലാണു കളിയവസാനിപ്പിച്ചത്. 11 ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഭുവനേശ്വര്‍ കുമാറാണു ലങ്കന്‍ ഇന്നിങ്‌സില്‍ നാശം വിതച്ചത്. ഭുവനേശ്വറിന്റെ എട്ട് ഓവറുകള്‍ മെയ്ഡനായിരുന്നു. മുഹമ്മദ് ഷാമി രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.
ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിലും ബോളിങ്ങിലും വരിഞ്ഞുമുറുക്കിയ ലങ്കയ്ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുകയായിരുന്നു ഇന്ത്യ. ഓപ്പണര്‍മാരായ കെ.എല്‍.രാഹുല്‍ (79), ശിഖര്‍ ധവാന്‍ (94), ചേതേശ്വര്‍ പൂജാര (22), എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. രഹാനെ റണ്ണൊന്നുമെടുക്കാതെയും ജഡേജ ഒന്‍പതു റണ്‍സുമെടുത്തും പുറത്തായി.
നാലാം ദിനം പേസര്‍മാരുടെ കരുത്തില്‍ ശ്രീലങ്കയെ 294 റണ്‍സിനു പുറത്താക്കിയശേഷം രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടിയിരുന്നു. നാലു വിക്കറ്റിന് 165 എന്ന സ്‌കോറുമായി നാലാം ദിനം കളി ആരംഭിച്ച ലങ്ക സ്‌കോര്‍ 200 കടക്കുംവരെ തികഞ്ഞ ആത്മവിശ്വാസത്തിലായിരുന്നു. പിന്നീടായിരുന്നു ഇന്ത്യന്‍ പേസര്‍മാരുടെ മിന്നല്‍ പ്രഹരം.