നോര്‍ക്കയുടെ സേവനകേന്ദ്രങ്ങള്‍ കൂടുതല്‍ കാര്യക്ഷമമായി പ്രവര്‍ത്തിപ്പിയ്ക്കുക: നവയുഗം
ദമ്മാം: നോര്‍ക്കയുടെ സേവനങ്ങള്‍ തേടുന്ന പ്രവാസികളുടെ എണ്ണം വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍, കേരളത്തിലെ ജില്ലാകേന്ദ്രങ്ങളിലുള്ള നോര്‍ക്കയുടെ സേവനകേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിയ്ക്കണമെന്ന് നവയുഗം സാംസ്‌ക്കാരികവേദി അന്തലൂസിയ യൂണിറ്റ് രൂപീകരണ കണ്‍വെന്‍ഷന്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അപേക്ഷകരുടെ ബാഹുല്യം കാരണം നോര്‍ക്ക ഐ ഡി കാര്‍ഡുകള്‍ ലഭിയ്ക്കുന്നതിനും, മറ്റു നോര്‍ക്ക സേവനങ്ങള്‍ക്കും അനാവശ്യമായി കാലതാമസം നേരിടുന്നുണ്ട്. മതിയായ സ്റ്റാഫിന്റേയും, ഓഫീസ് സംവിധാനങ്ങളുടെയും അഭാവം ഇതിനൊരു പ്രധാനകാരണമാണ്. ഈ പരിമിതികളെ മറികടന്ന് സേവനങ്ങള്‍ മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍തലത്തില്‍ അടിയന്തരമായി ഇടപെടല്‍ ഉണ്ടാകണമെന്ന് പ്രമേയം ആവ ദേഷ്യപ്പെട്ടു.
സലീഷ് കുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അന്തലൂസിയ യൂണിറ്റ് രൂപീകരണയോഗം നവയുഗം ജനറല്‍ സെക്രെട്ടറി എം.എ.വാഹിദ് കാര്യറ ഉത്ഘാടനം ചെയ്തു. നവയുഗം കോബാര്‍ മേഖല സെക്രെട്ടറി അരുണ്‍ ചാത്തന്നൂര്‍, കേന്ദ്രകുടുംബവേദി കണ്‍വീനര്‍ ദാസന്‍ രാഘവന്‍ എന്നിവര്‍ ആശംസാപ്രസംഗം നടത്തി.
പുതുതായി രൂപീകരിയ്ക്കപ്പെട്ട നവയുഗം അന്തലൂസിയ യൂണിറ്റ് കമ്മിറ്റിയുടെ പ്രസിഡന്റ് ആയി സലീഷ് കുമാറിനെയും, വൈസ് പ്രസിഡന്റായി ഇഖ്ബാല്‍ കെ.കെ യെയും, സെക്രെട്ടറിയായി സി.ആര്‍.രാജീവിന്റെയും, ജോയിന്റ് സെക്രെട്ടറിയായി ആന്റോ എം.ഡി യെയും, ട്രെഷറര്‍ ആയി ഫൈസലിനെയും സമ്മേളനം തെരെഞ്ഞെടുത്തു. ഷാക്കിര്‍, മനോജ്, ശരത്, ശിഹാബ്, സാന്റോ എന്നിവരാണ് യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.