യാചകി ക്ഷേത്രത്തിന് സംഭാവന നല്‍കിയത് രണ്ടു ലക്ഷം രൂപ; ദൈവം തന്ന തുക ദൈവത്തിനു തന്നെ നല്കിയെന്നു 85 കാരിയായ സീതാലക്ഷ്മി
മൈസൂരു: രണ്ട് വര്‍ഷം ക്ഷേത്രനടയില്‍ ഭിക്ഷയാചിച്ച് കിട്ടിയ തുകയത്രയും ക്ഷേത്രത്തിന് തന്നെ നല്കി സീതാലക്ഷ്മി എന്ന യാചകി. മൈസൂരിലെ വോണ്ടിക്കോപ്പല്‍ പ്രസന്ന ആഞ്ജനേയ സ്വാമിക്ഷേത്ര നടയില്‍ ഭിക്ഷയാചിച്ചിരുന്ന വൃദ്ധയാണ് വര്‍ഷങ്ങളായി സ്വരൂപിച്ച രണ്ടര ലക്ഷം രൂപ ക്ഷേത്രത്തിന് സംഭാവന ചെയ്തത്.
ശാരീരിക അവശതമൂലം ജോലിക്ക് പോകാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് വര്‍ഷങ്ങളായി ക്ഷേത്രത്തിനു മുന്‍വശത്ത് ഭിക്ഷയെടുക്കുകയാണ് 85കാരിയായ സീതാലക്ഷ്മി. ഇങ്ങനെ ലഭിച്ച തുകയാണ് ക്ഷേത്രത്തിന് കൈമാറിയത്. ഗണേശോത്സവത്തോടനുബന്ധിച്ച് 30,000 രൂപയും ശേഷം രണ്ടു ലക്ഷം രൂപയുമാണ് സീത ലക്ഷ്മി ക്ഷേത്രത്തിനു സംഭാവനയായി നല്‍കിയത്.
ക്ഷേത്രത്തിലെ ഭക്തര്‍ തനിക്ക് ദാനം തന്ന തുകയാണിത്. ദൈവമാണ് തനിക്കെല്ലാം. പണം താന്‍ സൂക്ഷിക്കുകയാണെങ്കില്‍ ആരെങ്കിലും അത് മോഷ്ടിക്കും. അതിനാല്‍ തന്നെ സംരക്ഷിക്കുന്ന ക്ഷേത്രത്തിനു തുക കൈമാറാന്‍ തീരുമാനിക്കുകയായിരുന്നു. എല്ലാ ഹനുമാന് ജയന്തി ദിനത്തിലും ഭക്തര്‍ക്ക് ക്ഷേത്രത്തില്‍ നിന്ന് പ്രസാദം നല്കണമെന്നതു മാത്രമാണ് തന്റെ ആഗ്രഹമെന്നും അവര്‍ പറഞ്ഞു.
സീതാലക്ഷ്മി നല്കിയ തുക നീതിപൂര്‍വമായി ചെലവഴിക്കുമെന്നും അവര്‍ക്ക് വേണ്ട സംരക്ഷണം നല്‍കുമെന്നും ക്ഷേത്ര ട്രസ്റ്റ് ചെയര്മാന് എം. ബസവരാജ് അറിയിച്ചു. സംഭാവനയുടെ വാര്‍ത്ത പ്രചരിച്ചതോടെ പലരും സീതാലക്ഷ്മിക്ക് കൂടുതല്‍ തുക നല്‍കുകയും അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട്.