മാംസാഹാരങ്ങളില്‍ വ്യാപകമായി ആന്റിബയോട്ടിക് കണ്ടെത്തി; ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും പ്രകൃതി മലിനീകരണവും

മാംസാഹാരങ്ങളുടെ ഉപയോഗം ദിനംപ്രതി വര്‍ദ്ധിച്ചുവരികയാണ്. ഇതിനോടൊപ്പം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളും നാമറിയാതെ വന്നുകയറുന്നു. കോഴികളുള്‍പ്പെടെ ഇറച്ചിക്കായി വളര്‍ത്തുന്ന മൃഗങ്ങളിലെല്ലാം വന്‍തോതില്‍ വ്യാപകമായി ആന്റി ബയോട്ടിക്കുകള്‍ കുത്തിവക്കുന്നതായാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്. എംജി സര്‍വകലാശാലയിലെ സ്‌കൂള് ഓഫ് ബയോസയന്‌സസ് സംഘടിപ്പിച്ച സെമിനാറിലാണ് ഇക്കാര്യം വിദഗ്ധര്‍ വ്യക്തമാക്കിയത്.

എത്ര തന്നെ ചൂടാക്കിയാലും ഇവ നശിക്കില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം. മാംസാഹാരങ്ങളില്‍ കുത്തിവയ്ക്കുന്ന ആന്റി ബയോട്ടിക്കുകള്‍ ഭക്ഷണത്തിലൂടെ മനുഷ്യ ശരീരത്തിലെത്തുന്നു, ഇവ അമിതമായി ശരീരത്തിലെത്തുന്നത് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കാണ് വഴിയൊരുക്കുന്നത്. ഹാനികരമായ ആന്റി ബയോട്ടിക്കുകള്‍ ശരീരത്തിലെത്തുന്നതുവഴി ഹോര്‍മോണ്‍ സന്തുലനമില്ലായ്മയും അതിലുപരിയായി
രോഗപ്രതിരോധശേഷിയേയും ഇത് ബാധിക്കുന്നു. ഇതുമൂലം അസുഖങ്ങള്‍ വളരെ വേഗം പിടിപെടാനും, ചികിത്സ ഫലപ്രദമാകാതിരിക്കാനും ഇത് കാരണമാകുന്നു. ഇതിനെ ചെറുക്കാനായി നല്ല ബാക്ടീരിയ അടങ്ങിയിട്ടുള്ള തൈര് പോലുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കാനാണ് വിദഗ്ധരുടെ നിര്‌ദേശം.

കൂടാതെ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിച്ച കോഴിയുടെ അവശിഷ്ടങ്ങള്‍ ഫലപ്രദമായി സംസ്‌ക്കരിക്കാത്തതും കൃഷിക്ക് ഉപയോഗിക്കുന്നതും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. ആന്റി ബയോട്ടിക് ഘടകങ്ങള്‍ വെള്ളത്തിലും മണ്ണിലും ലയിക്കുകയും ഗുരുതരമായ പാരിസ്ഥിതികപ്രശ്‌നങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു.