നരേന്ദ്ര മോദിക്കെതിരെ ഉയരുന്ന കൈകള്‍ വെട്ടിയെടുക്കണമെന്ന് ബിജെപി നേതാവ്
പാറ്റ്‌ന: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ശബ്ദമുയര്‍ത്തുന്നവരുടെ കൈ വെട്ടണമെന്ന വിവാദ പ്രസ്താവനയുമായി ബി.ജെ.പി നേതാവ്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തെ നയിക്കുന്നതെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിനെതിരെ ഉയരുന്ന കൈകള്‍ ഛേദിക്കപ്പെടണമെന്നുമാണ് ബി.ജെ.പി നേതാവിന്റെ ആഹ്വാനം. ബിഹാര്‍ ബി.ജെ.പി അധ്യക്ഷന്‍ ഉജിയര്‍പുര്‍ നിത്യാനന്ദ റായിയാണ് പ്രസംഗത്തിനിടയില്‍ ഇത്തരമൊരു ആഹ്വാനം നടത്തിയത്.
‘ദരിദ്ര കുടുംബത്തില്‍ നിന്ന് വന്ന് ഇന്ത്യയുടെ പ്രധാനമന്ത്രി പദത്തിലെത്തിയ ആളാണ് നരേന്ദ്രമോദി അദ്ദേഹത്തിനെതിരെ വിരലുകളോ കൈകളോ ഉയര്‍ന്നാല്‍ നമ്മള്‍ അത് തല്ലിയൊടിക്കണം; ആവശ്യം വന്നാല്‍ ഛേദിച്ചു കളഞ്ഞേക്കണം’, നിത്യാനന്ദ റായി തുടര്‍ന്നു.
ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോഡി വേദിയിലിരിക്കവെയാണ് നിത്യാനന്ദ വിവാദ പ്രസ്താവന നടത്തിയത്.സംഭവം വിവാദമായതോടെ,വിരലൊടിക്കണമെന്നും കൈവെട്ടണമെന്നുമുള്ള പ്രയോഗം താന്‍ ആലങ്കാരികമായി പറഞ്ഞതാണെന്ന് നിത്യാനന്ദ റായി പ്രതികരിച്ചു.
രാജ്യത്തിന്റെ ആത്മാഭിമാനത്തെയും സുരക്ഷയെയും ബാധിക്കുന്ന വിഷയങ്ങളില്‍ ശക്തമായി പ്രതികരിക്കുമെന്നാണ് തന്റെ പ്രസ്താവന അര്‍ഥം വെക്കുന്നതെന്ന് റായ് മാധ്യമങ്ങങ്ങളോട് പിന്നീട് പറഞ്ഞു.