ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചു; ആശുപത്രി നല്‍കിയത് 18 ലക്ഷം രൂപയുടെ ബില്‍; 2700 കയ്യുറകള്‍ ഉപയോഗിച്ചതും ബില്ലില്‍

ന്യൂഡല്‍ഹി: ഡങ്കിപ്പനി ബാധിച്ച് ഏഴുവയസ്സുകാരി മരിച്ചതിനു പിന്നാലെ രക്ഷിതാക്കള്‍ക്ക് ആശുപത്രി അധികൃതര്‍ നല്‍കിയത് ഭീമമായ ബില്‍.15 ദിവസം തീവ്രപരിചരണ വിഭാഗത്തില്‍ (ഐ.സി.യു) കിടന്ന ശേഷമാണു പെണ്‍കുട്ടി മരിച്ചത്. 18 ലക്ഷം രൂപയുടെ ബില്ലാണ് ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രി അധികൃതര്‍ വീട്ടുകാര്‍ക്കു നല്‍കിയത്.

ഹരിയാനയിലെ ഗുരുഗ്രാം ഫോര്‍ട്ടിസ് ആശുപത്രിയിലാണു സംഭവം. ആദ്യ സിങ് എന്ന പെണ്‍കുട്ടിയാണു ഡെങ്കി പനിബാധിതയായി മരിച്ചത്. ഡോപ്ഫ്‌ലോട്ട് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ആശുപത്രിയുടെ കൊള്ള പുറത്തുകൊണ്ടുവന്നത്. കുറിപ്പ് ട്വിറ്ററില്‍ വൈറലായതോടെ കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ വിഷയത്തില്‍ ഇടപെട്ടു. തന്റെ സഹപാഠിയുടെ മകളാണു മരിച്ചതെന്നു പറഞ്ഞ ഡോപ്ഫ്‌ലോട്ട്, കുട്ടിയെ പരിചരിക്കാന്‍ 2700 കയ്യുറകള്‍ ഉപയോഗിച്ചതിനു ബില്ലില്‍ പണമീടാക്കിയ കാര്യം എടുത്തു പറയുന്നുണ്ട്.

തന്റെ മകള്‍ അധികകാലം ജീവിച്ചിരിക്കില്ലെന്ന് ഡോക്ടര്‍മാര്‍ക്ക് അറിയാമായിരുന്നെന്നു പിതാവ് ജയന്ത് സിങ് പറഞ്ഞു. ഐ.സി.യുവില്‍ കുറേ ദിവസം കുട്ടിയെ കിടത്തി. മസ്തിഷ്‌കത്തിലെ കോശങ്ങള്‍ നശിച്ചെന്നു ബോധ്യമായിട്ടും പരിശോധിക്കാന്‍പോലും ഡോക്ടര്‍മാര്‍ തയാറായില്ല. തന്റെ നിര്‍ബന്ധത്തിലാണു പിന്നീട് ആശുപത്രി അധികൃതര്‍ എം.ആര്‍.ഐ പരിശോധന നടത്തിയത്. 80 ശതമാനത്തോളം മസ്തിഷ്‌കം നശിച്ചിരുന്നുവെന്ന് അതില്‍നിന്നു വ്യക്തമാണെന്നും പിതാവ് പറഞ്ഞു.

കുട്ടിയുടെ മൃതദേഹം കൊണ്ടുപോകാന്‍ ആംബുലന്‍സ് പോലും ആശുപത്രി വിട്ടുതന്നില്ലെന്നും പിതാവു കുറ്റപ്പെടുത്തി. മരണ സര്‍ട്ടിഫിക്കറ്റും നല്‍കിയില്ല. അതെ സമയം എല്ലാ മെഡിക്കല്‍ പ്രൊട്ടോക്കോളും അനുസരിച്ചാണു കുട്ടിയെ പരിശോധിച്ചതെന്നു അവകാശപ്പെട്ടു ഫോര്‍ട്ടിസ് ആശുപത്രി അധികൃതര്‍ പ്രസ്താവനയിറക്കി.

ഗുരുതരമായ ഡെങ്കിപ്പനി ബാധിച്ച പെണ്‍കുട്ടിക്കു പിന്നീടു ഡെങ്കി ഷോക്ക് സിന്‍ഡ്രോമും ബാധിച്ചു. ഐവി ഫ്‌ലൂയിഡുകളും മറ്റു ജീവന്‍രക്ഷാ ഉപകരണങ്ങളും വഴിയാണു ജീവന്‍ നിലനിര്‍ത്തിയിരുന്നത്. പ്ലേറ്റ്ലെറ്റ് കൗണ്ട് അകാരണമായി കുറഞ്ഞതാണു കുട്ടി മരിക്കാന്‍ കാരണമെന്നും ആശുപത്രിയുടെ വിശദീകരണക്കുറിപ്പില്‍ പറയുന്നു.