ത്രിപുരയില്‍ മാധ്യമ പ്രവര്‍ത്തകനെ സുരക്ഷാ ഉദ്യോഗസ്ഥന്‍ വെടിവെച്ചുകൊന്നു

ത്രിപുരയില്‍ മാധ്യമപ്രവര്‍ത്തകന്‍ വെടിയേറ്റ് മരിച്ചു. ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിലെ സുരക്ഷാ ഉദ്യോഗസ്ഥന്റെ വെടിയേറ്റാണ് മാധ്യമപ്രവര്‍ത്തകനായ സുധീപ് ദത്ത ഭൗമിക് കൊല്ലപ്പെട്ടത്. ബംഗാളി പത്രമായ സ്യന്ദന്‍ പത്രികയുടെയും പ്രാദേശിക ടിവി ചാനല്‍ ന്യൂസ് വംഗ്വാദിന്റെയും ലേഖകനായിരുന്നു കൊല്ലപ്പെട്ട സുധീപ്. തലസ്ഥാന നഗരമായ അഗര്‍ത്തലയില്‍ നിന്നും 20 കി.മീ അകലെ ആര്‍കെ നഗറിലായിരുന്നു സംഭവം. മുന്‍കൂട്ടി അനുമതി ലഭിച്ചതു പ്രകാരം ത്രിപുര സ്റ്റേറ്റ് റൈഫിള്‍സിന്റെ രണ്ടാം കമാന്‍ഡന്റിനെ സന്ദര്‍ശിക്കാന്‍ പോയതായിരുന്നു സുധീപ്.

എന്നാല്‍ ഓഫീസറെ കാണാനെത്തിയ സുധീപിനെ സുരക്ഷ ഉദ്യോഗസ്ഥന്‍ തടഞ്ഞു. ഇതിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ സുധീപിന് നേരെ സുരക്ഷാ ജീവനക്കാരനായ നന്ദ റീങ് വെടിയുതിര്‍ക്കുകയായിരുന്നു. രണ്ട് മാസത്തിനിടെ ത്രിപുരയില്‍ വെടിയേറ്റ് കൊല്ലപ്പെടുന്ന രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകനാണ് സുധീപ്. സംഭവത്തില്‍ സുരക്ഷാ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തതു.