എ കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി വിവാദം: ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
തിരുവനന്തപുരം:എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസില്‍ ജസ്റ്റിസ് പി.എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചു. രണ്ടു വാല്യങ്ങളിലായി 405 പേജുള്ള റിപ്പോര്‍ട്ടാണു സമര്‍പ്പിച്ചത്. രാവിലെ ഒന്‍പതരയ്ക്കു മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയാണു റിപ്പോര്‍ട്ട് കൈമാറിയത്.റിപ്പോര്‍ട്ട് എ.കെ ശശീന്ദ്രന്‍ കുറ്റക്കാരനാണെന്ന് കണ്ടത്തലില്ല എന്നാണ് വിവരം.
സമഗ്രമായ റിപ്പോര്‍ട്ടാണ് താന്‍ സമര്‍പ്പിച്ചതെന്ന് മുഖ്യമന്ത്രിയെ കണ്ട ശേഷം പുറത്തിറങ്ങിയ ജസ്റ്റിസ് പി.എസ് ആന്റണിയും മാധ്യമങ്ങളോട് പ്രതികരിച്ചു.അതെ സമയം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞില്ല. 22 സാക്ഷികളില്‍ 17 പേര്‍ കമ്മിഷന് മുന്നില്‍ ഹാജരായിരുന്നു. കൂടാതെ ഫോണ്‍ വിളി രേഖകളും പരിശോധിച്ചിരുന്നു. റിപ്പോര്‍ട്ടില്‍ താന്‍ പൂര്‍ണ സംതൃപ്തനാണെന്നും എല്ലാ മാനദണ്ഡങ്ങളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
എന്നാല്‍ പരാതിക്കാരി കമ്മിഷന് മുന്നില്‍ ഹാജരായിരുന്നില്ല. നിരവധി തവണ ഇതുമായി ബന്ധപ്പെട്ട് സമന്‍സ് അയച്ചെങ്കിലും ഹാജരായില്ലെന്നും ജസ്റ്റിസ് പി.എസ് ആന്റണി പറഞ്ഞു.
വിവാദവുമായി ബന്ധപ്പെട്ട് സുപ്രധാന തെളിവാകണ്ട ശബ്ദരേഖ കമ്മിഷന്റെ മുന്നില്‍ എത്തിക്കാന്‍ സംഭവത്തില്‍ ഉള്‍പ്പെട്ട ചാനലിന് സാധിച്ചിട്ടില്ല. ഏത് സാഹചര്യത്തിലാണ് സംഭാഷണം നടന്നതെന്ന് വ്യക്തമാക്കുന്ന വിധത്തില്‍ ശബ്ദരേഖയായിരുന്നു കമ്മിഷന്‍ ആവശ്യപ്പെട്ടത്.
മാധ്യമങ്ങള്‍ക്ക് ഒരു സ്വയം നിയന്ത്രണവും നവീകരണവും ആവശ്യമുണ്ട്. പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ മാതൃകയില്‍ ഇലക്ട്രോണിക് മാധ്യമങ്ങളെ നിയന്ത്രിക്കാന്‍ ഒരു സ്ഥാപനം ആവശ്യമാണെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍ നിലവില്‍ മാധ്യമങ്ങളെ കുറിച്ച് തനിക്ക് അഭിപ്രായ വ്യത്യാസമൊന്നുമില്ലെന്നും ജസ്റ്റിസ് പി.എസ് ആന്റണി മാധ്യമങ്ങളോട് പറഞ്ഞു.
എന്‍.സി.പിയുടെ മന്ത്രിസ്ഥാനം ഒഴിഞ്ഞുകിടക്കുന്ന സാഹചര്യത്തില്‍ കമ്മിഷന്റെ കണ്ടെത്തല്‍ എ.കെ.ശശീന്ദ്രനും പാര്‍ട്ടിക്കും നിര്‍ണായകമാണ്.കുറ്റവിമുക്തനാക്കപ്പെട്ടാല്‍ ശശീന്ദ്രന് മന്ത്രി സ്ഥാനത്തിന് അര്‍ഹതയുണ്ടെന്നും അദ്ദേഹം തിരിച്ചുവരുമെന്നും എന്‍.സി.പി. സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍ വ്യക്തമാക്കി. പാര്‍ട്ടി ദേശീയനേതൃത്വവും ഇതിന് അംഗീകാരം നല്‍കും. പാര്‍ട്ടിക്ക് രാജ്യത്ത് കിട്ടുന്ന ഏക മന്ത്രിസ്ഥാനം എന്ന നിലയില്‍ അത് എത്രയും വേഗം സ്വീകരിക്കുന്ന നിലപാടാവും പാര്‍ട്ടി എടുക്കുക.അതിനിടെ, റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതു ചിത്രീകരിക്കാനെത്തിയ മാധ്യമങ്ങളെ സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിലക്കിയത് വിവാദമായി.
ചാനല്‍ പ്രവര്‍ത്തകയോടു ഫോണില്‍ അശ്ലീലച്ചുവയോടെ സംസാരിച്ചെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെയാണ് ശശീന്ദ്രനു മന്ത്രിസ്ഥാനം ഒഴിയേണ്ടി വന്നത്. ആരോപണത്തിന്റെ നിജസ്ഥിതി അന്വേഷിക്കാന്‍ സര്‍ക്കാര്‍ ജുഡിഷ്യല്‍ കമ്മിഷനെ നിയോഗിച്ചു. മേയ് 30നാണ് കമ്മിഷന്‍ നടപടികള്‍ തുടങ്ങിയത്. അഞ്ചുമാസത്തെ അന്വേഷണത്തിന് ഒടുവിലാണു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. രണ്ട് തവണയായി ദീര്‍ഘിപ്പിച്ചു നല്‍കിയ കാലാവധി ഡിസംബര്‍ 30വരെ ഉണ്ടായിരുന്നെങ്കിലും അതിനു മുന്‍പുതന്നെ കമ്മിഷന്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു.