പേരാമ്പ്ര പോലീസ് സ്റ്റേഷന്റെ നിയന്ത്രണമേറ്റെടുത്ത് കുട്ടിപ്പോലീസുകാര്‍; പരാതിക്കാരായെത്തിയവര്‍ക്ക് അമ്പരപ്പ്, പിന്നെ കാര്യം മനസിലായി
കോഴിക്കോട് :പേരാമ്പ്ര പൊലീസ് സ്റ്റേഷനില്‍ പരാതിക്കാരായെത്തിയവര്‍ പോലീസുകാരെക്കണ്ടു ഞെട്ടി. എല്ലാം കുട്ടിപ്പോലീസുകാര്‍. പിന്നീടാണ് കാര്യം മനസിലാകുന്നത്. ഇപ്പോള്‍ കുറച്ച് നേരം പേരാമ്പ്ര പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്തിരിക്കുന്നത് കുട്ടിപ്പോലീസുകാരാണ്. കേരളത്തിലെ തെരഞ്ഞെടുത്ത 20 പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്ക് പരിശീലനം നല്‍കുകയെന്ന കേരള പൊലീസിന്റെ പരിപാടിയുടെ ഭാഗമായാണ് കുട്ടികള്‍ സ്റ്റേഷനിലെത്തിയത്.
സര്‍വദേശീയ ശിശുദിനാഘോഷത്തിന്റെ ഭാഗമായാണ് വടക്കുമ്പാട് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്ക് പൊലീസ് സ്റ്റേഷന്റെ നിയന്ത്രണം ഏറ്റെടുത്തത്. 44 കേഡറ്റുകള്‍ രണ്ട് മണിക്കൂര്‍ നേരം സ്റ്റേഷനിലെ കാര്യങ്ങള്‍ നിയന്ത്രിച്ചു. പാറാവ്, ഫ്രണ്ട് ഓഫിസ്, ജി.ഡി ഡ്യൂട്ടി തുടങ്ങി എല്ലാ കാര്യങ്ങളും കുട്ടിപ്പോലീസ് ഏറ്റെടുത്തു. ഔദ്യോഗിക കസേരകളില്‍ മീശ മുളക്കാത്ത കുട്ടികളെ കണ്ട് ആദ്യമൊന്നമ്പരന്നെങ്കിലും സ്റ്റേഷനില്‍ എത്തിയ പൊതുജനങ്ങള്‍ കുട്ടിപ്പോലീസുമായി സഹകരിച്ചു.
സ്റ്റേഷന്‍ ചുമതലകള്‍ മനസിലാക്കുന്നതിനും, പരാതികള്‍ കേള്‍ക്കുന്നതിനും, ആയുധങ്ങള്‍ പരിചയപ്പെടുന്നതിനും കേഡറ്റുകള്‍ക്ക് അവസരം ലഭിച്ചു. ജീവിതത്തിലെ പ്രധാന സംഭവങ്ങളിലൊന്നായിരുന്നെന്നാണ് ഇതേക്കുറിച്ച് ഒരു കുട്ടിപ്പോലീസ് പ്രതികറിച്ചത്. പൊലീസ് ഇന്‍സ്‌പെക്റ്റര്‍ കെ.പി. സുനില്‍ കുമാര്‍, എസ്‌ഐമാരായ പി. മോഹന്‍ ദാസ് , നൗഷാദ്, സിപിഒമാരായ രാധാക്യഷ്ണന്‍, അജിത്ത്, അബ്ദുറഖീവ്, ബേബി, ഷിജിന, അധ്യാപകരായ കെ.പി. മുരളീകൃഷ്ണദാസ്, കെ.കെ. മുഹമ്മദ്, കെ. സുധ എന്നിവര്‍ നേതൃത്വം നല്‍കി.