കേന്ദ്രത്തിനു തിരിച്ചടി; എസ് ദുര്‍ഗക്ക് അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ പ്രദര്‍ശനാനുമതി
രാജ്യാന്തര ചലച്ചിത്രമേളയില്‍ ജൂറിയുടെ തീരുമാനത്തെ മറികടന്ന കേന്ദ്രസര്‍ക്കാരിന് ഹൈക്കോടതിയുടെ തിരിച്ചടി. സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്ത എസ് ദുര്‍ഗ ഗോവയിലെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാന്‍ ഹൈക്കോടതി അനുമതി നല്കി. ചിത്രത്തിന്റെ സെര്‍ട്ടിഫൈഡ് കോപ്പി പ്രദര്‍ശിപ്പിക്കാനാണ് കോടതി അനുമതി നല്‍കിയത്. ജൂറി തിരഞ്ഞെടുത്ത ഇന്ത്യന്‍ പനോരമ പട്ടികയില്‍നിന്ന് എസ് ദുര്‍ഗ, മറാത്തി സംവിധായകന് രവി ജാദവിന്റെ ‘ന്യൂഡ്’ എന്നിവയും പാക്ക് സിനിമ സാവനും കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഒഴിവാക്കിയിരുന്നു.
ഗോവ ചലച്ചിത്രമേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന സംവിധായകന്റെ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ അനുകൂല വിധി. എസ് ദുര്‍ഗ മേളയില്‍ നിന്ന് ഒഴിവാക്കിയ കേന്ദ്രസര്‍ക്കാരിന്റെ നടപടി ഭരണഘടനാ വിരുദ്ധവും നീതീകരിക്കാനാവാത്തതുമാണെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന് ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. ചിത്രം സംസ്ഥാനത്ത് സെന്‍സറിംഗിന് വിധേയമായതിനാല്‍ പ്രത്യേക അനുമതി ആവശ്യമവില്ലെന്നും വാദിച്ചു. എസ് ദുര്‍ഗ ഉള്‍പ്പടെ രണ്ട് ചിത്രങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെട്ട് ഇന്ത്യന്‍ മേളയില്‍ നിന്ന് ഒഴിവാക്കിയത്. തീരുമാനത്തില്‍ പ്രതിഷേധിച്ച് ജൂറിചെയര്‍മാന്‍ സുജോയ് ഘോഷ് രാജിവെച്ചിരുന്നു.
മേളയില്‍ നിന്ന് ചിത്രത്തെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. ചിത്രം എഡിറ്റ് ചെയ്യുന്നതിന് മുമ്പാണ് മേളയില്‍ പ്രദിര്‍ശനത്തിന് നല്‍കിയതെന്നായിരുന്നു വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം ആരോപിച്ചത്. ചിത്രം മത വികാരത്തെ വൃണപ്പെടുത്തുന്നതാണെന്നും ആരോപിച്ചിരുന്നു. ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനെതിരെ നിരവധി പരാതികള്‍ കിട്ടിയതായും മന്ത്രാലയം ചൂണ്ടിക്കാട്ടിയിരുന്നു.
നിരവധി രാജ്യാന്തര മേളകളില്‍ പ്രദര്‍ശിപ്പിക്കുകയും അംഗീകാരങ്ങള്‍ സ്വന്തമാക്കുകയും ചെയ്ത സെക്സി ദുര്‍ഗയുടെ പേര് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശപ്രകാരമാണ് എസ് ദുര്‍ഗ എന്ന് പുനര്‍നാമകരണം ചെയ്തത്. ഇതിനെ ചൊല്ലിയുളള വിവാദങ്ങള്‍ നടക്കുന്നതിനിടെയാണ് ചിത്രത്തെ ഗോവ മേളയില്‍ നിന്ന് ഒഴിവാക്കിയത്. മഹേഷ് നാരായണന്റെ ടേക്ക് ഓഫാണ് ഇന്ത്യന്‍ പനോരമയിലുള്ള മറ്റൊരു മലയാള ചിത്രം.