ധോണിയുടെ പിന്‍ഗാമിയെ തെരയുന്നവരെ, അവനിവിടെയുണ്ട്; അതെ സഞ്ചു തന്നെ; ഈ പ്രകടനങ്ങള്‍ നോക്ക് സഞ്ജുവിനെ അവഗണിക്കാനാവില്ലിനി
തിരുവനന്തപുരം: ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഏറ്റവും സുവര്‍ണ്ണ കാലഘട്ടം മഹേന്ദ്ര സിങ് ധോണിയെന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു എന്ന് പറയുന്നതില്‍ അതിശയോക്തിയില്ല. ടി-20 ലോക കിരീടം, ഏകദിന കിരീടം, ചാമ്പ്യന്‍സ് ട്രോഫി അങ്ങനെ പോകുന്നു ധോണി ഇന്ത്യക്കു നേടിക്കൊടുത്ത നേട്ടങ്ങളുടെ പട്ടിക.
നിലവില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും സീനിയര്‍ കളികാരണാണ് ധോണി.പ്രായമേറിയതുകൊണ്ടാകണം, ടി-20 പോലുള്ള മത്സരങ്ങളില്‍ വേണ്ടത്ര തിളങ്ങാനാകുന്നില്ല എന്ന വിമര്‍ശനം ധോണി നേരിടുന്നുണ്ട്. മുന്‍താരങ്ങളടക്കം ധോണിക്ക് പിന്‍ഗാമിയെ അന്വേഷിക്കുകായാണിപ്പോള്‍. എന്തായാലും ധോണിയുടെ പിന്‍ഗാമിയാകാന്‍ ധാരാളം യുവതാരങ്ങളുണ്ടെങ്കിലും അവര്‍ക്കിടയില്‍ സഞ്ചു വി സാംസണ്‍ എന്ന മലയാളി താരം ഏറെ മുന്നിലാണ്. കാരണം സഞ്ചു സമീപകാലത്ത് പുറത്തെടുത്ത പ്രകടനങ്ങള്‍ തന്നെ.
നിര്‍ണായകമായ മല്‍സരങ്ങളില്‍ സാഹചര്യങ്ങള്‍ വിലയിരുത്തി കളി മെനയാനും ടീമിനെ വിജയവഴിയിലെത്തിക്കാനുമുള്ള കഴിവാണ് മികച്ച ക്രിക്കറ്ററുടെ അളവുകോലെങ്കില്‍ കേരളത്തിന്റെ ലിറ്റില്‍ മാസ്റ്റര്‍ സഞ്ജു സാംസണ്‍ ആ പക്വതയാര്‍ജിച്ചുകഴിഞ്ഞു എന്നു നിസംശയം പറയാം. രഞ്ജി ട്രോഫിയിലും ശ്രീലങ്കയ്‌ക്കെതിരെ ബോര്‍ഡ് പ്രസിഡന്റ്‌സ് ടീമിന്റെ നായകന്‍ എന്ന നിലയിലും സഞ്ജുവിന്റെ പ്രകടനങ്ങള്‍ ഇന്ത്യന്‍ ടീമിലേക്കുള്ള കരുത്താര്‍ന്ന അവകാശവാദങ്ങള്‍ കൂടിയായി മാറുന്നു.
രഞ്ജി ട്രോഫിയില്‍ രാജസ്ഥാനെതിരായ മത്സരം കേരളത്തിന് വളരെ നിര്‍ണായകമായിരുന്നു. ജയിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റിലെ സാധ്യതകള്‍ കുറയുമെന്ന ഘട്ടത്തിലാണ് സീസണിലെ ആദ്യ സെഞ്ചുറിയുമായി സഞ്ജു വരവറിയിക്കുന്നത്. സ്പിന്നര്‍മാരെ അളവറ്റു പിന്തുണയ്ക്കുന്ന തുമ്പ സെന്റ് സേവ്യേഴ്‌സ് മൈതാനത്തെ പിച്ചിലെ ഉജ്വല സെഞ്ചുറിക്ക് മാന്‍ ഓഫ് ദ് മാച്ച് പുരസ്‌കാരവും ലഭിച്ചു.
തൊട്ടുപിന്നാലെയാണ് ശ്രീലങ്കയ്‌ക്കെതിരായ സന്നാഹ മല്‍സരത്തില്‍ ബോര്‍ഡ് പ്രസിഡന്റ്‌സ് ഇലവനെ നയിക്കാനുള്ള നറുക്ക് സഞ്ജുവിനു വീഴുന്നത്.. മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യന്‍ ബാറ്റിംഗ് നിര പതറിയപ്പോള്‍ നായകന്റെ ഉത്തരവാദിത്തത്തോടെ നേടിയ സെഞ്ചുറിക്ക് വിജയത്തോളം തിളക്കമുണ്ടായിരുന്നു.
ഗ്രൂപ്പ് ബിയില്‍ ഒരു കളിയും തോല്‍ക്കാതെ ഒന്നാംസ്ഥാനത്തുള്ള സൗരാഷ്ട്രയ്‌ക്കെതിരെ വിജയം അനിവാര്യമായ മല്‍സരത്തിന്റെ ഒന്നാം ഇന്നിങ്‌സില്‍ പൊരുതി നേടിയ അര്‍ധസെഞ്ചുറി ടീമിനെ കൂട്ടത്തകര്‍ച്ചയില്‍ നിന്നാണു കരകയറ്റിയത്. ഒന്നാം ഇന്നിങ്‌സില്‍ ലീഡ് വഴങ്ങിയിട്ടും വിജയം നേടിയേ തീരൂ എന്ന നിശ്ചയദാര്‍ഢ്യത്തോടെ രണ്ടാം ഇന്നിങ്‌സില്‍ നേടിയ 175 റണ്‍സിനെ ഒന്നൊന്നര സെഞ്ചുറി എന്നുതന്നെ വിശേഷിപ്പിക്കണം.
കേരളത്തിനു വിജയത്തിനു വേണ്ടി പൊരുതാന്‍ ആത്മവിശ്വാസം നല്‍കിയ ക്ലാസ് കളി. രഞ്ജി ട്രോഫിയിലെ റണ്‍വേട്ടക്കാരിലും സഞ്ജു മുന്‍നിരയിലെത്തി. അഞ്ച് കളികളില്‍ രണ്ട് സെഞ്ചുറിയും മൂന്ന് അര്‍ധസെഞ്ചുറികളും ഉള്‍പ്പെടെ 561 റണ്‍സ്. ധോണിക്കു ശേഷം ആര് എന്ന ചോദ്യത്തിന് ഉത്തരം തേടുന്ന ഇന്ത്യന്‍ ക്രിക്കറ്റ് ടീം സിലക്ടര്‍മാര്‍ക്ക് ഇനി സഞ്ജുവിനെ അവഗണിക്കാനാവില്ല.