മംഗളം ചാനലിന്‍റെ ലൈസന്‍സ് റദ്ദാക്കാന്‍ ശുപാര്‍ശ ; ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകും ; മാധ്യമങ്ങള്‍ അച്ചടക്കം പാലിക്കണമെന്നു പിണറായി

തിരുവനന്തപുരം : മംഗളം ചാനലിന്റെ ലൈസന്‍സ് റദ്ദാക്കാന്‍ കമ്മീഷന്‍ ശുപാര്‍ശ. മംഗളം ചാനലിന്റെ മേധാവി അജിത് കുമാറിനെ പ്രോസിക്യൂട്ട് ചെയ്യാനും കമ്മീഷന്‍ ശുപാര്‍ശ ചെയ്തതായി പി.എസ്.ആന്റണി ഏകാംഗ കമ്മീഷന്‍ സമര്‍പ്പിച്ച കമ്മീഷന്‍ റിപ്പോര്‍ട്ടിനെക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. അതേസമയം ശശീന്ദ്രന്‍ മന്ത്രിയായി തിരിച്ചെത്തിന്നതില്‍ തനിക്ക് വിരോധമില്ലെന്നും എന്നാല്‍ താന്‍ മാത്രമല്ല അത് തീരുമാനിക്കേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു. കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത് റിപ്പോര്‍ട്ട് ചെയ്യാനായി സെക്രട്ടേറിയറ്റില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകരെ തടഞ്ഞത് താന്‍ അറിഞ്ഞിരുന്നില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ആരും അത്തരം നിര്‍ദേശം നല്‍കിയിരുന്നില്ലെന്നും അദ്ദേഹം അറിയിച്ചു. മാധ്യമങ്ങള്‍ അച്ചടക്കം പാലിക്കണമെന്നും പിണറായി പറഞ്ഞു. മാധ്യമങ്ങളെ ആരും നിയന്ത്രിക്കേണ്ടതല്ലെന്നും നിങ്ങള്‍ സ്വയം നിയന്ത്രിക്കേണ്ടതുണ്ടെന്നും പിണറായി പറഞ്ഞു.

മംഗളം സംപ്രേഷണം ചെയ്ത മന്ത്രിയുടെതാണെന്ന് പറയപ്പെടുന്ന ശബ്ദശകലത്തിന്റെ നിജസ്ഥിതി തെളിയിക്കപ്പെട്ടിട്ടില്ല. ചാനലിന്റെ തുടക്ക ദിവസത്തില്‍ തന്നെ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത നല്‍കി റേറ്റിങ്ങ് വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടി കുറ്റകരമായ ക്രിമിനല്‍ ഗൂഢാചോലന നടത്തിയതിന് തെളിവാണെന്നാണ് ആ ശബ്ദശകലം എന്നതാണ് കമ്മീഷന്റെ കണ്ടെത്തല്‍. ഒരു മന്ത്രിയുടെ രാജിയിലേക്ക് നയിച്ച വാര്‍ത്ത എഡിറ്റ് ചെയ്തും കൃത്രിമം നടത്തിയുമാണ് സൃഷ്ടിച്ചത്. ഇത് ക്രിമിനല്‍ ഗൂഢാചോലനയുടെ ഉല്‍പ്പന്നമാണ്. ഇതിനെതിരെ നടപടി വേണമെന്നും കമ്മീഷന്‍ ശുപാര്‍ശ ചെയ്തു. പി.എസ്.ആന്റണി ഏകാംഗ കമ്മീഷന്‍ അന്വേഷണ റിപ്പോര്‍ട്ട് ഇന്നലെയാണ് സര്‍ക്കാറിന് സമര്‍പ്പിച്ചത്. രണ്ട് വാല്യങ്ങളിലായി 405 പേജുകളുള്ളതാണ് റിപ്പോര്‍ട്ട്. കമ്മീഷന്റെ ശുപാര്‍ശകളും നിര്‍ദ്ദേശങ്ങളും മന്ത്രിസഭ പൊതുവില്‍ അംഗീകരിച്ചു. റിപ്പോര്‍ട്ടില്‍ പ്രധാനമായും പതിനാല് ശുപാര്‍ശകളാണുള്ളത്. ഇവ പരിശോധിച്ച് ആവശ്യമായ തുടര്‍നടപടികള്‍ക്ക് മന്ത്രിസഭ തീരുമാനമെടുത്തെന്നും മുഖ്യമന്ത്രി പറഞ്ഞു.