സര്‍ക്കാരിന്റെ പിടിവാശി കാരണം കാസര്‍കോട് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു

കാസര്‍കോട് : സംസ്ഥാന സര്‍ക്കാരിന്റെ പിടിവാശി കാരണം കാസര്‍കോട് ഒരു കര്‍ഷകന്‍ കൂടി ആത്മഹത്യ ചെയ്തു. വനഭൂമിയാണെന്ന കാരണത്താല്‍ സര്‍ക്കാര്‍ കുടിയിറങ്ങാന്‍ പറഞ്ഞ പ്രദേശത്തെ ഒരുകര്‍ഷകന്‍ കൂടി ജീവനൊടുക്കി. കാസര്‍കോട് ബളാല്‍ ഗ്രാമപഞ്ചായത്തിലെ അത്തിയടുക്കത്താണ് മണിയറ രാഘവന്‍(60) എന്ന കര്‍ഷകനാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ചത്. അതിയടുക്കത്ത് ഇടിഞ്ഞ് വീഴാറായ വീട് പുതുക്കി പണിയാന്‍ രാഘവന് പഞ്ചായത്ത് രണ്ട് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍ പഞ്ചായത്തില്‍ ഹാജരാക്കുവാന്‍ സ്ഥലത്തിന്റെ കരമടച്ച കോപ്പി ആവശ്യമായിരുന്നു. ഇതിനായി മാലോം വില്ലേജിലെത്തിയ രാഘവനെ താമസ സ്ഥലം വനഭൂമിയാണെന്ന കാരണത്താല്‍ കരം മേടിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇതില്‍ മനം നൊന്താണ് രാഘവന്‍ ജീവനൊടുക്കിയത്.

നേരത്തെ കിടപ്പാടത്തിന്റെ അവകാശ തര്‍ക്കത്തിനിടെ മൂന്ന് മാസം മുന്‍പ് അതിയടുക്കത്ത് അലക്‌സാണ്ടര്‍ എന്ന കര്‍ഷകനും ജീവനോടുക്കിയിരുന്നു. ഇതേ തടര്‍ന്നു ജില്ലാകളക്റ്റര്‍ അടക്കമുള്ള റവന്യൂ സംഘം അത്തിയടുക്കത്തെത്തി കര്‍ഷകരുടെ പ്രശ്‌നത്തില്‍ ഇടപെട്ടിരുന്നു. തുടര്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കെയാണ് സമാനമായ സംഭവത്തില്‍ ഒരാള്‍ കൂടി ആത്മഹത്യ ചെയ്യുന്നത്.