ദുബായില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ പത്തനംതിട്ട സ്വദേശിയായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
ദുബായ് : കനത്ത മഴയെ തുടര്‍ന്ന്‍ അണക്കെട്ട് തകര്‍ന്നുണ്ടായ വെള്ളപ്പാച്ചിലില്‍ പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട കോന്നി സ്വദേശി ജോയിയുടെ മകനായ ആല്‍ബര്‍ട്ട് ജോയി(18)യുടെ മൃതദേഹമാണ് കണ്ടെത്തിയത്‍. റാസല്‍ഖൈമ ബിര്‍ള ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ടെക്‌നോളജിയില്‍ വിദ്യാര്‍ഥിയാണ് ആല്‍ബര്‍ട്ട്. ഒമാനിലെ മദാ അണക്കെട്ടില്‍ നിന്ന് ഒമാന്‍ റോയല്‍ പോലീസാണ് ബുധനാഴ്ച ഉച്ചയോടെ മൃതേഹം കണ്ടെടുത്തത്. വ്യാഴാഴ്ച വൈകീട്ട് സുഹൃത്തുക്കള്‍ക്കൊപ്പം തടാകം കാണാന്‍ പോയതായിരുന്നു. ഈ സമയം പെയ്ത ശക്തമായ മഴയില്‍ ഖോര്‍ഫക്കാന്‍ ഉറയ്യ തടാകത്തിനടുത്തെ അണക്കെട്ട് തകര്‍ന്നതാണ് വെള്ളമൊഴുക്കുണ്ടാകാന്‍ കാരണം.
കൂടെയുണ്ടായിരുന്ന അഞ്ചു സുഹൃത്തുക്കളും വാഹനത്തില്‍ നിന്നു ചാടി രക്ഷപ്പെടുകയായിരുന്നു. പക്ഷേ, ആല്‍ബര്‍ട്ടിന് രക്ഷപ്പെടാന്‍ സധിച്ചില്ല. തിരിച്ചില്‍ വ്യാപകമാക്കിയെങ്കിലും ആല്‍ബര്‍ട്ടിനെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. പിന്നീട് വാഹനവും തൊട്ടടുത്ത ദിവസം ആല്‍ബര്‍ട്ട് ധരിച്ചിരുന്ന ഷര്‍ട്ടും കണ്ടെത്തി. യുഎഇയിലെയും ഒമാനിലെയും മുങ്ങല്‍ വിദഗ്ധരാണ് തിരച്ചിലിന് നേതൃത്വം നല്‍കിയിരുന്നത്.കഴിഞ്ഞ ഒരാഴ്ചയോളമായി ആല്‍ബര്‍ട്ടിന് വേണ്ടിയുള്ള തിരിച്ചില്‍ നടക്കുകയായിരുന്നു. പ്രവാസി മലയാളികളും ഇക്കാര്യത്തില്‍ ഏറെ ആശങ്കയിലായിരുന്നു. മൃതദേഹം കണ്ടെത്തിയെന്നുള്ള വിവരം ലഭിച്ചതിനെ തുടര്‍ന്ന് ജോയി ഒമാനിലേക്ക് പോയി.