അമേരിക്കയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നു

അമേരിക്കയില്‍ സ്ത്രീകള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമങ്ങള്‍ വര്‍ധിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍. 60 ശതമാനം അമേരിക്കന്‍ സ്ത്രീകളും ലൈംഗിക പീഡനം നേരിടുന്നുവെന്ന് ദേശീയ സര്‍വേയിലാണു അധികൃതര്‍ വെളിപ്പെടുത്തിയത്. മൂന്നില്‍ രണ്ട് ലൈംഗികപീഡനവും നടന്നത് തൊഴിലിടത്തിലാണെന്നു ക്വിന്നിപിയാക് സര്‍വകലാശാലയുടെ സര്‍വേയില്‍ പറയുന്നു.

പുരുഷന്മാരും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 20 ശതമാനമാണ് പുരുഷപീഡനം. ഇതില്‍ 60 ശതമാനവും തൊഴിലിടത്തിലാണു സംഭവിച്ചിരിക്കുന്നത്. സ്ത്രീകളില്‍ 69 ശതമാനത്തിനു ജോലിസ്ഥലത്തും 43 ശതമാനത്തിനു സാമൂഹിക ഇടപെടലുകള്‍ക്കിടയിലും 45 ശതമാനത്തിനു തെരുവിലും 14 ശതമാനത്തിന് വീടുകളിലുമാണു പീഡനം നേരിട്ടത്. വിനോദ, വ്യവസായ, രാഷ്ട്രീയ മേഖലകളിലെ പീഡനക്കേസുകള്‍ തുടര്‍ച്ചയായി വാര്‍ത്തയാകുമ്പോഴാണു പുതിയ സര്‍വേഫലം വന്നിരിക്കുന്നത്.