നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്നുച്ചയോടെ; നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും
നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം ഇന്നുച്ചയോടെ അങ്കമാലി കോടതിയില്‍ സമര്‍പ്പിക്കും. 650 അധികം പേജുകളുള്ള കുറ്റപത്രത്തില്‍ മുന്നൂറിലധികം സാക്ഷികളും 450 ല്‍ അധികം രേഖകളും പൊലീസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ 12 രഹസ്യമൊഴികളും ഉള്‍പ്പെട്ടതാണ് അനുബന്ധ കുറ്റപത്രം. ദിലീപ് എട്ടാം പ്രതിയാകുന്ന കുറ്റപത്രത്തില്‍ മൊത്തം 12 പ്രതികളാണുള്ളത്. രണ്ടു പേരെ മാപ്പു സാക്ഷികളാക്കിയിട്ടുണ്ട്.
ജയിലില്‍ നിന്നും സുനിക്ക് കത്തെഴുതി നല്‍കിയ വിപിന്‍ ലാലും, ദിലീപിനെ ഫോണ്‍ വിളിക്കാന്‍ സഹായിച്ച എആര്‍ ക്യാമ്പിലെ പോലീസുകാരന്‍ അനീഷും മാപ്പു സാക്ഷികളാകും.സിനിമാ മേഖലയില്‍നിന്നുമാത്രം 50ല്‍ അധികം സാക്ഷികളുണ്ട്. നടി മഞ്ജു വാരിയര്‍ പ്രധാന സാക്ഷികളിലൊരാളാകും. അന്വേഷണ ഉദ്യോഗസ്ഥന്‍ പെരുമ്പാവൂര്‍ സി.ഐ ബൈജു പൗലോസാണ് അങ്കമാലി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുക.
ഏഴു പേരെ പ്രതികളാക്കി ആക്രമണക്കേസിലെ കുറ്റപത്രം നേരത്തെ സമര്‍പ്പിച്ചതിനാല്‍ അനുബന്ധ കുറ്റപത്രമായാണ് അടുത്തത് നല്‍കുന്നത്. കുറ്റകൃത്യം നടത്താന്‍ ഗൂഢാലോചന നടത്തിയത് ദീലിപും പള്‍സര്‍ സുനിയെന്ന സുനികുമാറും ചേര്‍ന്നാണെന്നും കുറ്റപത്രം പറയുന്നു. മററ് പ്രതികള്‍ കൃത്യത്തിന് സഹായിച്ചവരും സംഭവത്തിന് ശേഷം ഒളിവില്‍ കഴിയാന്‍ സഹായിച്ചവരുമാണ്.
പള്‍സര്‍ സുനി, വിജീഷ്, മണികണ്ഠന്‍, വടിവാള്‍ സലീം, മാര്‍ട്ടിന്‍, പ്രദീപ്, ചാര്‍ലി, ദിലീപ്, മേസ്തിരി സുനില്‍, വിഷ്ണു, പ്രതീഷ് ചാക്കോ, രാജു ജോസഫ് എന്നിവരാണു പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. പള്‍സര്‍ സുനിക്ക് ജയിലില്‍ ഫോണ്‍ എത്തിച്ച് നല്‍കിയ മേസ്തിരി സുനില്‍ (9 ാം പ്രതി) സുനിയുടെ കത്ത് ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിക്ക് എത്തിച്ച് നല്‍കിയ വിഷ്ണു (10ാം പ്രതി). തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ച അഡ്വ. പ്രതീഷ് ചാക്കോ 11 ാം പ്രതി, അഡ്വ രാജു ജോസഫ് (12 ാം പ്രതി) എന്നിവരാണ് രണ്ടാം കുറ്റപത്രത്തിലെ മറ്റ് പ്രതികള്‍.
ദിലീപിനെ ഒന്നാം പ്രതിയാക്കുമെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ദിലീപിനെ ഒന്നാം പ്രതിയാക്കണമെങ്കില്‍ ആദ്യഘട്ടത്തില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ വലിയ അഴിച്ചു പണി നടത്തേണ്ടി വരും. ഇത് കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകിപ്പിക്കും. ഇക്കാരണങ്ങള്‍ കൊണ്ടാണ് ദിലീപിനെ എട്ടാം പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിക്കുന്നത്. എത്രാമത്തെ പ്രതിയാണെങ്കിലും ചുമത്തിയ കുറ്റങ്ങളാണ് ശിക്ഷയെ നിര്‍ണ്ണയിക്കുന്നതെന്ന് നിയമ വിദഗ്ദര്‍ പറയുന്നു.
കൂട്ടബലാത്സംഗം അടക്കം 17 വകുപ്പുകളാണ് ദിലീപിന് മേല്‍ ചുമത്തിയിട്ടുളളത്.നടി ആക്രമിക്കപ്പെട്ട കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന്് അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍ ഉണ്ട്. ലക്ഷ്യയിലെ ജീവനക്കാരന്‍ മൊഴി മാറ്റിയതും കേസിലെ ഏഴാം പ്രതി ചാര്‍ളിയുടെ രഹസ്യമൊഴി നീക്കം തടഞ്ഞതും ദിലീപിന്റെ ഇടപെടല്‍ മൂലമെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്ന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണെന്നാണ്.