മിസൈല്‍ പ്രതിരോധ രംഗത്ത് ചരിത്രനേട്ടവുമായി ഇന്ത്യ
മിസൈല്‍ പ്രതിരോധ രംഗത്ത് ചരിത്രനേട്ടമാണ് ഇന്ത്യ കൈവരിച്ചിരിക്കുന്നത്. ശബ്ദാതിവേഗ മിസൈലായ ബ്രഹ്മോസ് ദീര്‍ഘദൂര പോര്‍ വിമാനമായാ സുഖോയ് 30 എംകെഐ യുദ്ധവിമാനത്തില്‍നിന്ന് വിജയകരമായി പരീക്ഷിച്ചു. വ്യോമസേനയും പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒയും പങ്കാളികളായി. ലോകത്ത് ആദ്യമായാണു ശബ്ദാതിവേഗ മിസൈല്‍ ഒരു ദീര്‍ഘദൂര പോര്‍ വിമാനത്തില്‍ ഘടിപ്പിക്കുന്നതും വിക്ഷേപിക്കുന്നതും. ഈ ശേഷി കൈവരിക്കുന്ന ആദ്യ രാജ്യമെന്ന ബഹുമതി ഇതോടെ ഇന്ത്യയ്ക്കു സ്വന്തമായി.
വ്യക്തമായി കാണാന്‍ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങളില്‍പോലും ആക്രമണം നടത്താന്‍ കഴിയുമെന്നതാണ് ബ്രഹ്മോസിന്റെ പ്രധാനഗുണം. മഹാരാഷ്ട്രയിലെ നാസിക്കില്‍ ഹിന്ദുസ്ഥാന്‍ എയ്റോനോട്ടിക്കല്‍ ലിമിറ്റഡില്‍ ആയിരുന്നു പരീക്ഷണം.
ഇന്ത്യയും റഷ്യയും ചേര്‍ന്നു വികസിപ്പിച്ചതാണു ബ്രഹ്മോസ് മിസൈല്‍. ഇന്ത്യന്‍ നാവികസേനയുടെ മുന്‍നിര ‘പോരാളികളായ’ കൊല്‍ക്കത്ത, രണ്‍വീര്‍, തല്‍വാര്‍ വിഭാഗം കപ്പലുകള്‍ക്കു കരയാക്രമണ ബ്രഹ്മോസ് വിക്ഷേപിക്കാന്‍ ശേഷിയുണ്ട്. മൂന്ന് സെക്കന്റിന്റെ ഇടവേളകളില്‍ കപ്പലുകളില്‍നിന്നു ബ്രഹ്മോസ് മിസൈലുകള്‍ തൊടുക്കാനാവും. ഒരേ സമയം വ്യത്യസ്ത ദിശകളിലേക്കു കൃത്യമായി അയക്കാനും കഴിയും.
കരയില്‍നിന്നും കടലില്‍നിന്നും തൊടുക്കാവുന്ന 290 കിലോമീറ്റര്‍ ദൂരപരിധിയുള്ള ബ്രഹ്മോസിന്റെ വിവിധ രൂപങ്ങള്‍ സേനയ്ക്കു സ്വന്തമായുണ്ട്. അമേരിക്കയുടെ പക്കലുള്ള ക്രൂസ് മിസൈലിനേക്കാള്‍ മൂന്ന് മടങ്ങിലേറെ വേഗവും ഒന്‍പത് മടങ്ങ് ഗതികോര്‍ജവും ഉള്ളതാണ് ബ്രഹ്മോസ്. 600 കിലോമീറ്റര്‍ വരെ ദൂരപരിധിയുണ്ട്. ഇതില്‍ 400 കിലോമീറ്റര്‍ വരെ പരീക്ഷണം നടത്തിയിട്ടുണ്ട്. ലക്ഷ്യത്തിന്റെ കൃത്യതയിലും ശക്തിയിലും വെല്ലാന്‍ ലോകത്ത് വേറെ ക്രൂസ് മിസൈലുകളില്ല.
കടലില്‍നിന്നു മിതമായ കരയാക്രമണം നടത്താനുള്ള ശേഷി ഇന്ത്യന്‍ നാവികസേന 1971ലെ യുദ്ധത്തില്‍തന്നെ തെളിയിച്ചിട്ടുണ്ട്. ചെറിയ മിസൈല്‍ ബോട്ടുകള്‍ ഉപയോഗിച്ച് അന്ന് നാവികസേന കറാച്ചി തുറമുഖം തകര്‍ത്തത്. എന്നാല്‍ അന്ന് ആക്രമണം നടത്താന്‍ തുറമുഖത്തോട് അടുത്ത് ചെല്ലേണ്ടിവന്നു സേനക്ക്. ബ്രഹ്മോസ് നാവികസേനയിലെത്തുന്നതോടെ ദൂരെനിന്ന് ആക്രമണം സാധ്യമാകും.
കേരളത്തിലും ബ്രഹ്മോസിന്റെ ഭാഗങ്ങള്‍ നിര്‍മിക്കുന്നുണ്ട് .ഇവ കൂട്ടിച്ചേര്‍ക്കുന്നത് ഹൈദരാബാദിലാണ്, പ്രവര്‍ത്തനക്ഷമമാക്കുന്നത് നാഗ്പൂരിലും. എത്ര ചെറിയ ലക്ഷ്യമായാലും കൃത്യമായി എത്തിച്ചേരും. എത്ര വലിയ ലക്ഷ്യമായാലും പൂര്‍ണമായും തകര്‍ക്കാനും ബ്രഹ്മോസിനു കഴിയും.