കേരളത്തിലെ മാധ്യമ രംഗവും മാധ്യമ പ്രവര്‍ത്തകരെയും നന്നാക്കുവാന്‍ ഒരുങ്ങി മുഖ്യമന്ത്രി പിണറായി വിജയന്‍

സംസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരെ ഒന്നടങ്കം നന്നാക്കുവാനുള്ള തയ്യാറെടുപ്പിലാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമപ്രവർത്തരെ സെക്രട്ടേറിയേറ്റിൽ കയറ്റില്ലെന്ന ആരോപണത്തിന് പിന്നാലെയാണ് എല്ലാവരെയും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തകരാക്കുവാന്‍ പിണറായി സർക്കാർ തീരുമാനിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകര്‍ക്ക് കാലകാലങ്ങളില്‍ കേരള മീഡിയ അക്കാദമി തുടര്‍ വിദ്യാഭ്യാസം നല്‍കുമെന്നും . മാധ്യമപ്രവര്‍ത്തകര്‍ക്ക് അക്രഡിറ്റേഷന്‍ പുതുക്കാന്‍ വര്‍ഷാവര്‍ഷം മീഡിയാ അക്കാദമിയില്‍ കോഴ്‌സ് നടത്തുമെന്നും പിണറായി പറഞ്ഞു. മംഗളം ഫോണ്‍കെണി കേസില്‍ ജസ്റ്റിസ് പി എസ് ആന്റണി കമ്മിഷന്‍ റിപ്പോര്‍ട്ട് മന്ത്രിസഭ അംഗീകരിച്ച്‌ കൊണ്ട് നടത്തിയ പത്രസമ്മേളനത്തിലാണ് മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കിയത്. എല്ലാവരെയും ഉത്തരവാദിത്വമുള്ള മാധ്യമപ്രവർത്തകരാക്കാനാണ് പുതിയ നീക്കം.

പ്രൈവറ്റ് മീഡിയകളെ കൂടി ഉള്‍ക്കൊള്ളുന്ന വിധം നിയമത്തില്‍ മാറ്റം വരുത്തുന്നതിന് പ്രസ് കൌണ്‍സില്‍ ഓഫ് ഇന്ത്യയോട് ആവശ്യപ്പെടുക, മാധ്യമപ്രവര്‍ത്തകര്‍ മന്ത്രിമാരുമായി ഇടപെടുന്ന കാര്യങ്ങളില്‍ ചട്ടം രൂപീകരിക്കുക, സ്വകാര്യ ചാനലുകള്‍ക്ക് സ്വയം നിയന്ത്രണം ഏര്‍പ്പെടുത്തുക, സ്‌കൂള്‍ തലം മുതല്‍ ഉത്തരവാദിത്വ മാധ്യമപ്രവര്‍ത്തനത്തെ കുറിച്ച് പഠിപ്പിക്കുക തുടങ്ങിയ ലക്ഷ്യമിടുന്നതായും പിണറായി വിജയൻ പറഞ്ഞു. അടുത്തകാലത്തായി വന്ന വിവാദങ്ങളാണ് ഇത്തരത്തിലൊരു നീക്കത്തിന് സർക്കാരിനെ പ്രേരിപ്പിച്ചതെന്നാണ് സൂചന. കഴിഞ്ഞ ദിവസം സെക്രട്ടറിയേറ്റില്‍ മാധ്യമങ്ങളെ വിലക്കിയതായി വാര്‍ത്ത പരന്നിരുന്നു. എന്നാല്‍ സെക്രട്ടറിയേറ്റിനുള്ളില്‍ മാധ്യമങ്ങളെ കയറ്റരുതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഒരുതരത്തിലുള്ള നിര്‍ദ്ദേശവും നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നീക്കവുമായി സർക്കാർ രംഗത്ത് വന്നിരിക്കുന്നത്.

അതേസമയം മാധ്യമപ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ സാധ്യതയുണ്ട് എന്ന റിപ്പോർട്ടുകളും പുറത്തു വന്നിരുന്നു. മുഖ്യമന്ത്രിയെ സമീപിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ നിയന്ത്രിക്കണം എന്നാണ് റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു എന്ന വാർത്തയും കഴിഞ്ഞ ദിവസം വന്നിരുന്നു. മുഖ്യമന്ത്രി എവിടെ ചെന്നാലും അവിടെ മാധ്യമ പ്രവര്‍ത്തകരുടെ തിരക്കായിരിക്കും. ഇത് പലപ്പോഴും മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്നുണ്ട് എന്ന് ആരോപണം ഉണ്ട്. എന്നാല്‍ മാര്‍ഗ്ഗ തടസ്സം സൃഷ്ടിക്കുന്നത് മാത്രമല്ല, വലിയ സുരക്ഷാഭീഷണിയും ഇത് ഉയര്‍ത്തുന്നുണ്ട് എന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. മുഖ്യമന്ത്രിയെ ആക്രമിക്കാൻ മാധ്യമ പ്രവര്‍ത്തകരുടെ കൈവശം ഉണ്ടാവുന്ന മൈക്കും, ക്യാമറ സ്റ്റാന്റും ക്യാമറയും വരെ ആയുധമായി ഉപയോഗിച്ചേക്കാം എന്നാണ് ഇന്റലിജൻസ് റിപ്പോർട്ടിൽ പറയുന്നത്. മുഖ്യമന്ത്രിയെ പൊതു സ്ഥലങ്ങളില്‍ സനീപിക്കുന്ന മാധ്യമ പ്രവര്‍ത്തകരെ പരിശോധനകള്‍ക്ക് വിധേയരാക്കാറില്ല. അതുകൊണ്ട് തന്നെ മാധ്യമ പ്രവര്‍ത്തകര്‍ എന്ന വ്യാജേന എത്തുന്നവരുടെ ബാഗുകളില്‍ ആയുധങ്ങളോ സ്‌ഫോടക വസ്തുക്കളോ ഒളിപ്പിച്ചുവയ്ക്കാനും സാധിക്കും എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. എന്നാൽ ഭീഷണിയുടെ പേരിൽ ആരെയും തടഞ്ഞ് വെക്കില്ലെന്നാണ് മുഖ്യമന്ത്രി ബുധനാഴ്ച നടത്തിയ പത്രസമ്മേളന്തതിൽ വ്യക്തമാക്കിയത്.