പോകേണ്ടത് മഹാരാഷ്ട്രയില്‍ എത്തിയത് മധ്യപ്രദേശില്‍; വഴിതെറ്റിപോയ ഒരു ട്രെയിനിന്റെ കഥ
ഡല്‍ഹിയില്‍ നിന്നും മഹാരാഷ്ട്രയിലേക്ക് പുറപ്പെട്ട ട്രെയിന്‍ വഴി തെറ്റി എത്തിയത് മധ്യപ്രദേശില്‍. 1500 യാത്രക്കാരാണ് ട്രെയിനില്‍ ഉണ്ടായിരുന്നത്. 160 കിലോമീറ്ററോളമാണ് ട്രെയിന്‍ തെറ്റായ വഴിയിലൂടെ സഞ്ചരിച്ചത്. ചൊവ്വാഴ്ച രാത്രി പത്തുമണിക്കാണ് ട്രെയിന്‍ ഡല്‍ഹിയിലെ സഫ്ദര്‍ജങ് സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ടത്. ബുധനാഴ്ച രാവിലെ ആറുമണിക്ക് യാത്രക്കാര്‍ ഉണര്‍ന്നപ്പോള്‍ ട്രെയിന്‍ മധ്യപ്രദേശിലെ ഗ്വാളിയോറിനടുത്തുള്ള ബാന്‍മോര്‍ സ്റ്റേഷനിലെത്തിയിരുന്നു.
ആഗ്ര കഴിഞ്ഞ് രാജസ്ഥാനിലെ കോട്ടയിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാല്‍ മഥുര സ്റ്റേഷനില്‍ നിന്നും തെറ്റായ സിഗ്‌നല്‍ ലഭിച്ചതോടെയാണ് ട്രെയിന്‍ വഴി തെറ്റിയതെന്ന് ഡ്രൈവര്‍ യാത്രക്കാരോട് പറഞ്ഞു. ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ നടന്ന കിസാന്‍ യാത്രയില്‍ പങ്കെടുത്തു മടങ്ങിയ രാജസ്ഥാനിലേയും മഹാരാഷ്ട്രയിലേയും കര്‍ഷകരാണ് സംഭവത്തില്‍ വലഞ്ഞത്. 1494 യാത്രക്കാരില്‍ 200 പേര്‍ സ്ത്രീകളാണ്. ലക്ഷങ്ങള്‍ കൊടുത്താണ് കര്‍ഷക സംഘടന ട്രെയിന്‍ ബുക്കു ചെയ്തത്.
വഴി തെറ്റിയത് അറിഞ്ഞയുടന്‍ ട്രെയിന്‍ അവിടെ നിര്‍ത്തിയിട്ടു. ബുധനാഴ്ച വൈകിട്ട് കോല്‍ഹാപ്പുരില്‍ എത്തേണ്ടിയിരുന്ന ട്രെയിന്‍ മണിക്കൂറുകള്‍ വൈകി വ്യാഴാഴ്ചരാവിലെ മാത്രമേ ലക്ഷ്യസ്ഥാനത്ത് എത്തൂ എന്ന് സിഎന്‍എന്‍ ന്യൂസ് 18 റിപ്പോര്‍ട്ടു ചെയ്യുന്നു.