അമേരിക്കന്‍ നാവികസേനാവിമാനം കടലില്‍ തകര്‍ന്നുവീണു; എട്ടു പേരെ രക്ഷിച്ചു

ടോക്കിയോ: അമേരിക്കന്‍ നാവിക സേനയുടെ വിമാനം കടലില്‍ തകര്‍ന്നുവീണു. ജീവനക്കാരും യാത്രക്കാരും ഉള്‍പ്പെടെ 11 പേരുമായി പറന്ന വിമാനം ജപ്പാനു സമീപം പസിഫിക് സമുദ്രത്തിലാണു തകര്‍ന്നുവീണത്. എട്ടു പേരെ രക്ഷപ്പെടുത്തിയതായി യു.എസ് നേവി അറിയിച്ചു. മൂന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

യു.എസ് നേവി ഏഴാം കപ്പല്‍പ്പടയുടെ (സെവന്‍ത് ഫ്‌ലീറ്റ്) ഭാഗമായ സി2-എ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിദേശത്തുള്ള ഏറ്റവും വലിയ യു.എസ് നേവി കപ്പല്‍പ്പടയാണിത്. ബുധനാഴ്ച ഉച്ചയ്ക്ക് 2.45നായിരുന്നു സംഭവം. ഈ വര്‍ഷം ഏഴാം കപ്പല്‍പ്പടയ്ക്ക് സംഭവിക്കുന്ന അഞ്ചാമത്തെ അപകടമാണിത്. യുഎസ്, ജപ്പാന്‍ സൈനികര്‍ സംയുക്തമായാണു രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.

ജപ്പാന്‍ നേവിയുമായി ചേര്‍ന്ന് സംയുക്ത സൈനികാഭ്യാസം നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്.ഇവാകുനി മറൈന്‍ കോപ്‌സ് എയര്‍ സ്റ്റേഷനില്‍നിന്ന് പതിവുപറക്കലിന്റെ ഭാഗമായി യു.എസ്എ.സ് റൊണാള്‍ഡ് റീഗനിലേക്കു പോകുമ്പോഴാണു വിമാനം തകര്‍ന്നതെന്നാണ് വിവരം.