നടിയെ ആക്രമിച്ച കേസ്: ദിലീപ് പ്രതിയായ അനുബന്ധ കുറ്റപത്രം ഇന്ന് പരിശോധിക്കും
കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെ എട്ടാം പ്രതിയാക്കി സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിശോധിക്കും. പരിശോധന പൂര്‍ത്തിയാക്കിയ ശേഷം കുറ്റപത്രത്തിന്റെ പകര്‍പ്പ് പ്രതികള്‍ക്കു നല്‍കിയേക്കും. ദിലീപ്-കാവ്യ ബന്ധത്തിന്റെ തെളിവ് മഞ്ജു വാരിയര്‍ക്കു നല്‍കിയതാണു ആക്രമിക്കപ്പെട്ട നടിയോട് ദലീപിന് വൈരാഗ്യമുണ്ടാകാന്‍ കാരണമെന്നു കുറ്റപത്രത്തില്‍ ചൂണ്ടിക്കാട്ടുന്നു.
യുവനടിയോടു ദിലീപിനു വൈരാഗ്യമുണ്ടായ സാഹചര്യങ്ങളും ആക്രമിക്കാന്‍ നടനും പള്‍സര്‍ സുനിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുമാണു കുറ്റപത്രത്തില്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ദിലീപും കാവ്യയും തമ്മിലുള്ള ഫോണ്‍ സംഭാഷണം മഞ്ജു വാരിയര്‍ക്ക് നല്‍കിയതാണു വൈരാഗ്യത്തിനു കാരണം. ഇക്കാര്യം പറഞ്ഞ് നടന്‍ സിദ്ദിഖിന്റെ സാന്നിധ്യത്തില്‍ അമ്മ താരനിശയില്‍വച്ച് ദിലീപ് നടിയെ ഭീഷണിപ്പെടുത്തി. അടുത്ത ദിവസം തന്നെ പള്‍സര്‍ സുനിക്കു ക്വട്ടേഷന്‍ നല്‍കിയെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഫെബ്രുവരി 17നു നടി ഉപദ്രവിക്കപ്പെട്ട കേസില്‍ ഒരു പ്രതി അന്നുതന്നെ പിടിയിലാവുകയും മുഖ്യപ്രതി സുനില്‍കുമാര്‍ ആറാം ദിവസം പിടിയിലാവുകയും ചെയ്തു. കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട ആറുപേരും ഒരാഴ്ചയ്ക്കകം അകത്താവുകയും ഏപ്രില്‍ 18നു പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതോടെ, കേസ് അവിടംകൊണ്ടവസാനിച്ചു എന്ന് ഏവരും കരുതി.പക്ഷെ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഡാലോചനയുണ്ടെന്ന് നടി മഞ്ജു വാരിയര്‍ ആരോപിച്ചതോടെ ഗൂഢാലോചന അന്വേഷിക്കേണ്ടതുണ്ടെന്നു പൊലീസ് കോടതിയെ അറിയിക്കുകയും ദിലീപിന്റെ പേര് ഇടയ്ക്കിടെ ഉയര്‍ന്നുകേള്‍ക്കുകയും ചെയ്തതോടെ ഗൂഢാലോചനയ്ക്കു പിന്നിലെ കാരണങ്ങള്‍ തേടി ദിലീപിന്റെ കുടുംബ ജീവിതത്തിലേക്കു പൊലീസ് എത്തി.
ക്വട്ടേഷന്‍ നല്‍കിയതു ദിലീപ് എന്നു സൂചിപ്പിക്കുന്ന തരത്തില്‍ മുഖ്യപ്രതി പ്രതി സുനില്‍കുമാര്‍ സഹതടവുകാരനെക്കൊണ്ട് എഴുതിച്ച കത്ത് വാട്‌സാപ്പിലൂടെ ദിലീപിന്റെ പക്കലെത്തി. പിന്നീടു പൊലീസിനും ലഭിച്ചു. കേസിലേക്കു ദിലീപിനെ ബന്ധിപ്പിക്കാനുള്ള ഒരു തുമ്പ് അന്വേഷണ സംഘത്തിനു വീണുകിട്ടിയെന്നു പറയാം. സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനില്‍കുമാറിന്റെ ഫോണ്‍വിളി ദിലീപിലേക്ക് എത്താന്‍ പൊലീസിനു വഴിതുറന്നു. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ ഫോണില്‍നിന്നു സുനില്‍കുമാര്‍ ദിലീപിന്റെ ഫോണിലേക്കു വിളിച്ചതും പൊലീസിനു സഹായകമായി.
സുനില്‍കുമാറുമായി ഒരു ബന്ധവുമില്ലെന്നു ദിലീപ് ആവര്‍ത്തിക്കുമ്പോഴാണ് ഇരുവരും ഒരുമിച്ചു തൃശൂരിലെ ഷൂട്ടിങ് ലൊക്കേഷനില്‍ നില്‍ക്കുന്ന ചിത്രം പുറത്തായത്. ജൂണ്‍ അവസാനം പൊലീസിനു ലഭിച്ച ചിത്രങ്ങള്‍ ഒടുവില്‍ ദിലീപ് അഭിനയിച്ചു പുറത്തിറങ്ങിയ ചിത്രത്തിന്റെ ലൊക്കേഷനിലേതായിരുന്നു. ബന്ധപ്പെട്ടവരെ ചോദ്യംചെയ്തതില്‍നിന്നു കാര്യങ്ങള്‍ വ്യക്തമായി.
ജൂണ്‍ 28ന് ആലുവ പൊലീസ് ക്ലബ്ബിലെ 13 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ ദിലീപ് നല്‍കിയ ഉത്തരങ്ങളിലെ പൊരുത്തക്കേടുകള്‍ പൊലീസിനു പിടിവള്ളിയായി. നാദിര്‍ഷ ഉള്‍പ്പെടെ ദിലീപിന്റെ പല സുഹൃത്തുക്കളും ചോദ്യംചെയ്യലിനു വിധേയരായി. അങ്ങനെ ജൂലൈ 10നു നിര്‍ണായകമായ അറസ്റ്റ്