ആറുലക്ഷം രോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കാന്‍ ബംഗ്ലാദേശ്-മ്യാന്‍മാര്‍ ധാരണ

ധാക്ക : രോഹിങ്ക്യൻ അഭയാർത്ഥികളെ തിരിച്ചയക്കുന്നതിന് ബംഗ്ലാദേശും മ്യാൻമറും ധാരണയിലെത്തി. മ്യാൻമറിന്‍രെ തലസ്ഥാനമായ നായ് പേയിടാവില്‍ വച്ചാണ് ഇരുരാജ്യങ്ങളിലേയും ഉന്നത അധികൃതർ തമ്മില്‍ കരാറിൽ ഒപ്പുവച്ചത്. രോഹിൻക്യൻ അഭയാർത്ഥി പ്രശ്നത്തില്‍ നിർണായകമായേക്കുന്ന ഉടമ്പടിയിലാണ് മ്യാൻമർ സ്റ്റേറ്റ് കൗണ്‍സിലർ ഓംഗ്സാൻ സൂചിയും ബംഗ്ലാദേശ് വിദേശകാര്യമന്ത്രി അബുല്‍ ഹസ്സൻ മഹമൂദ് അലിയും ഒപ്പു വച്ചിരിക്കുന്നത്. സൈന്യത്തിന്റെ അടിച്ചമര്‍ത്തലിനെ തുടര്‍ന്ന് ഏകദേശം ആറ് ലക്ഷത്തിലധികം റോഹിംഗ്യന്‍ മുസ്ലീങ്ങള്‍ മ്യാന്‍മാറില്‍ നിന്നും അഭയാര്‍ഥികളായി ബംഗ്ലാദേശിലേക്കെത്തിയിട്ടുണ്ടെന്നാണ് കണക്കുകള്‍. ഇവരെ പുനരധിവസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ പ്രതിസന്ധിയില്‍ തുടരുന്നതിനിടെയാണ് ഇരു രാജ്യങ്ങളും തമ്മില്‍ ധാരണയായത്. ഒരു തീയതി മുന്നില്‍ വച്ചല്ല ഈ ഉടന്പടി. 2 മാസത്തിനുള്ളില്‍ രോഹിൻക്യകളെ തിരിച്ചുകൊണ്ടുവരാനാണ് ശ്രമം.

മ്യാൻമർ സർക്കാർ നല്കിയ തിരിച്ചറിയില്‍ രേഖകളും സ്വന്തം വിശദാംശങ്ങളും മ്യാൻമറിലെ വിലാസവും വ്യക്തമാക്കിക്കൊണ്ടുള്ള അപേക്ഷയും രോഹിൻക്യകള്‍ നല്കണം. സ്വന്തം ഇഷ്ടപ്രകാരമാണ് തിരിച്ചുപോക്കെന്നും രേഖപ്പെടുത്തണം.ബംഗ്ലാദേശ് രേഖകള്‍ നല്‍കുന്ന മുറക്ക് രോഹിൻക്യകളെ സ്വീകരിക്കാൻ തയ്യാറാണെന്ന് മ്യാൻമർ കുടിയേറ്റ-തൊഴില്‍ വകുപ്പ് സെക്രട്ടറി മൈൻറ് ക്യായിംഗ് പറഞ്ഞു. ഇതൊരു തുടക്കം മാത്രമാണെന്നും രോഹിൻക്യൻ പ്രശ്നത്തില്‍ തുടർനടപടികള്‍ ഉറപ്പാക്കുമെന്നുമാണ് ബംഗ്ലാദേശിന്‍റെ പ്രതികരണം. എന്നാല്‍ രോഹിൻക്യകളുടെ സുരക്ഷ ഉറപ്പ് വരുത്താതെ ഉള്ള പുതിയ നീക്കം ആശങ്കയുണ്ടാക്കുന്നതാണെന്നാണ് മനുഷ്യാവകാശസംഘടനകളുടെ പ്രതികരണം. റോഹിംഗ്യന്‍ സ്ത്രീകളും കുട്ടികളും നേരിടുന്ന പീഡനങ്ങളെ കുറിച്ചും പ്രശ്‌നങ്ങളെ കുറിച്ചും അന്താരാഷ്ട്ര തലത്തില്‍ നടന്ന പഠനങ്ങളും റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.