ഐഎസ്എല്‍ ആവേശം;വിജയ ദാഹത്തോടെ ചെന്നൈയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡും കളത്തില്‍
ഐ.എസ്.എല്‍ ആവേശപ്പോരാട്ടത്തിലെ ഇന്നത്തെ മത്സരത്തില്‍ ചെന്നൈയിന്‍ എഫ്സിയും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയും ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ ഏറ്റുമുട്ടും. എഫ്.സി ഗോവയുമായുളള മല്‍സരത്തില്‍, രണ്ടാം പകുതിയില്‍ പുറത്തെടുത്ത മികച്ച പ്രകടനം ഈ മത്സത്തിലും കാഴ്ചവയ്ക്കാനാകുമെന്ന പ്രതീക്ഷയിലാണ് ചെന്നൈ കളത്തിലിറങ്ങുന്നത്.
3-2 എന്ന ഗോള്‍ നിലയില്‍ ഗോവയോട് പരാജയം സമ്മതിേക്കണ്ടി വന്നുവെങ്കിലും ഇന്നത്തെ മത്സരം ജയിച്ച് ടൂര്‍ണമെന്റില്‍ തിരിച്ചു വരവിനാകും ചെന്നൈയുടെ ശ്രമം. മറുവശത്ത് യുവനിരയുടെ കരുത്തുമായാണ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എത്തുന്നത്. ലീഗിലെ നവാഗത ടീമായ ജാംഷെഡ്പൂര്‍ എഫ്സി-യുമായി ഏറ്റുമുട്ടിയപ്പോള്‍ ഗോളടിക്കാന്‍ കഴിയാത്തതിന്റെ ക്ഷീണം ഇന്നത്തെ മത്സരത്തിലൂടെ മാറ്റിയെടുക്കാനാകും നോര്‍ത്ത് യുണൈറ്റഡിന്റെ ശ്രമം.
റാഫേല്‍ അഗസ്റ്റോ (ചെന്നൈയിന്‍ എഫ്സി)
മിഡ്ഫീല്‍ഡിന്റെ തന്ത്രപ്രധാന ഭാഗത്ത് സ്ഥാനമുറപ്പിച്ച് കളിക്കുന്ന, ബ്രസീലിയന്‍ ഫുട്ബോളിന്റെ ആവേശത്തിമര്‍പ്പ് സിരകളില്‍ വഹിക്കുന്ന ഈ താരം മൂന്ന് സീസണുകളിലും ഇതേ ക്ലബ്ലിന്റെ ജേഴ്സി തന്നെയാണ് അണിഞ്ഞത്. തന്ത്രമൊളിപ്പിച്ച പാസ്സുകള്‍ നടത്തുന്നതില്‍ സമര്‍ത്ഥനായ റാഫേല്‍ ശാന്തതയോടെ എന്നാല്‍ ചടുലതയോടെ പന്തിനെ കളിക്കളത്തില്‍ നിയന്ത്രിക്കുകയും ലിങ്ക് പ്ലേയില്‍ തുടര്‍ച്ചയായി കഴിവ് പ്രകടിപ്പിക്കുകയും ചെയ്യുന്നു. ശാരീരികമായ സാന്നിദ്ധ്യം കൊണ്ട് കളിക്കളത്തില്‍ പ്രഭാവം സൃഷ്ടിക്കുന്ന ഇദ്ദേഹം, എതിര്‍ മുന്നേറ്റ നിരയുടെ ആക്രമണങ്ങളുടെ കുന്തമുനയൊടിക്കുന്നതില്‍ വിദഗ്ദ്ധനാണ്. കഴിഞ്ഞ മാച്ചില്‍ ടീമിന് വേണ്ടി സ്‌കോര്‍ ചെയ്ത റാഫേല്‍, നോര്‍ത്ത് ഈസ്റ്റിനെതിരേ മിഡ്ഫീല്‍ഡിലെ തന്റെ ആധിപത്യം പുറത്തെടുക്കുമെന്നതില്‍ സംശയമില്ല.
മാര്‍സിനോ (നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി)
നോര്‍ത്ത് ഈസ്റ്റിന്റെ മുന്‍ കളിയില്‍ ജാംഷെഡ്പൂരിന്റെ ഉരുക്കു കോട്ട പോലെയുളള പ്രതിരോധത്തെ നിരവധി പ്രാവശ്യം ഭേദിച്ചു കടക്കുകയും എതിര്‍ ഗോള്‍മുഖത്ത് അപകടം വിതക്കുകയും ചെയ്ത ഹീറോ ഓഫ് ദ് മാച്ച് പട്ടം നേടിയ മാര്‍സിനോയാണ് നോര്‍ത്ത് ഈസ്റ്റിന്റെ തുറുപ്പു ചീട്ട്. നിരവധി പ്രാവശ്യം നടത്തിയ ശ്രമങ്ങളിലൊന്നില്‍ ഗോളിനെ ലക്ഷ്യമാക്കി പായിച്ച ഹെഡ്ഡര്‍ ബാറില്‍ തട്ടിത്തെറിച്ച് പുറത്തേക്ക് പോയപ്പോള്‍, നിര്‍ഭാഗ്യം കൊണ്ടാണ് അദ്ദേഹത്തിന് ഗോള്‍ നേടാതിരുന്നത്. ജാംഷെഡ്പൂരിന്റെ പ്രതിരോധ നിരയ്ക്കാരെ കബളിപ്പിച്ച് അവരെ കടന്നു പോകുന്നതില്‍ ഈ ബ്രസീലിയം താരം പ്രദര്‍ശിപ്പിച്ച വേഗതയും വൈദഗ്ദ്ധ്യവും പ്രശംസനീയമാണ്. തന്റെ പേരില്‍ ഒരു ഗോള്‍ കുറിക്കുന്നതിന് ആ മല്‍സരത്തില്‍ കഴിഞ്ഞില്ലെങ്കില്‍ക്കൂടിയും വരുന്ന മല്‍സരത്തിലോ പിന്നീടോ ടീമിനായി ഗോളുകള്‍ അടിച്ചുകൂട്ടാന്‍ കഴിവുള്ള കളിക്കാരനാണ്.
സാദ്ധ്യതയുളള സ്റ്റാര്‍ട്ടിംഗ് ലൈനപ്പുകള്‍
ചെന്നൈയിന്‍ എഫ്സി:
ആതിഥേയര്‍ പരമ്പരാഗത ശൈലിയില്‍ 4-4-2 എന്ന വിന്യാസത്തിലായിരിക്കും ഒരു പക്ഷേ ആരംഭിക്കുക. കളിയുടെ നീക്കങ്ങളുടെ മദ്ധ്യത്തിലായി അഗസ്റ്റോയും ആക്രമണത്തിന്റെ ശക്തി കേന്ദ്രമായി മുന്നില്‍ ജെജെ ലാല്‍പെക്യൂജ-യും അണി നിരക്കും.
ഗോള്‍കീപ്പര്‍: കരന്‍ജീത് സിംഗ്
ഡിഫന്റര്‍മാര്‍: ധനചന്ദ്ര സിംഗ്, ഹെന്റിക് സെറേനോ, മെയില്‍സണ്‍ ആല്‍വ്സ്, ഇനിഗോ കാല്‍ഡെറോണ്‍
മിഡ്ഫീല്‍ഡര്‍മാര്‍: ജെറി ലാല്‍റിന്‍സുവാല, തോയി സിംഗ്, റാഫേല്‍ അഗസ്റ്റോ, ഗ്രിഗറി നെല്‍സണ്‍
ഫോര്‍വാര്‍ഡുകള്‍: ജെജെ ലാല്‍പെക്യൂജ, ബോറിംഗ്ദവോ ബോഡോ
നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി:
ആക്രമണത്തിലൂന്നിയുളള ഒരു തന്ത്രം മുന്നില്‍ക്കണ്ട് 4-3-3 എന്ന ക്രമത്തിലുളള ഒരു വിന്യസനത്തിലായിരിക്കും ഈ പര്‍വ്വതദേശക്കര്‍ മിക്കവാറും കളിക്കുക. മാര്‍സിനോയ്ക്ക് ഇത് വന്‍ പിന്തുണ നെല്‍കും.
ഗോള്‍കീപ്പര്‍: റഹനേഷ് ടി. പി.
ഡിഫന്റര്‍മാര്‍: അബ്ദുല്‍ ഹക്കു, മാര്‍ട്ടിന്‍ ഡയാസ്, സംബീന, റോബര്‍ട്ട് ലാല്‍ത്ലാമുവ്ന
മിഡ്ഫീല്‍ഡര്‍മാര്‍: ലാല്‍റിന്‍ഡിക റാള്‍ട്ടെ, മാര്‍സിനോ, ഫനായി ലാല്‍റെംപ്യൂയ
ഫോര്‍വാര്‍ഡുകള്‍: ഹാലിചരന്‍ നര്‍സാരി, ലൂയിസ് അല്‍ഫോണ്‍സോ പെയ്സ്, സെയിംമിന്‍ലെന്‍ ഡങ്കല്‍.