വിമാനത്താവള വിവാദം ; കണ്ണന്താനത്തിന്റെ വാദം തള്ളി വനിതാ ഡോക്ടര്‍ ; സത്യത്തില്‍ സംഭവിച്ചത്
വിമാനത്താവളത്തില്‍ വെച്ചുണ്ടായ സംഭവത്തിൽ കേന്ദ്ര വിനോദ സഞ്ചാരവകുപ്പു മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്റെ വിശദീകരണം തെറ്റെന്ന് യാത്രക്കാരി ഡോ നിരാല സിന്‍ഹ. മണിപ്പുരിലെ ഇംഫാല്‍ വിമാനത്താവളത്തില്‍ വെച്ച് കരയുകയും ക്ഷോഭിച്ച് സംസാരിക്കുകയും ചെയ്യുന്ന സ്ത്രീയെ കണ്ട് താന്‍ അവരെ സമീപിക്കുകയായിരുന്നുവെന്നാണ് അല്‍ഫോണ്‍സ് കണ്ണന്താനം പറഞ്ഞത്. എന്നാല്‍ മന്ത്രി തന്നെ ആശ്വസിപ്പിക്കാന്‍ യാതൊന്നും ചെയ്തില്ലെന്നും എന്റെ ബുദ്ധിമുട്ട് പരിഹരിക്കാന്‍ ആരും എന്നെ സഹായിക്കാനും എത്തിയില്ല എന്നും അവര്‍ പറയുന്നു. രാഷ്ട്രപതിയുടെ വിമാനത്തിനുവേണ്ടി മറ്റു വിമാനങ്ങള്‍ വൈകിച്ചതാണ് യാത്രക്കാരിയായ ഡോക്ടര്‍ നിരാലയെ പ്രകോപിപ്പിച്ചത്. ഇതിനെതിരെ അവര്‍ സംസാരിക്കുന്ന സമയമാണ് കണ്ണന്താനം അവിടെ എത്തുന്നത്.
രാജ്യത്ത് നിലനില്‍ക്കുന്ന വി വി ഐ പി സംസ്‌കാരം ഇല്ലാതാക്കണമെന്നും വി വി ഐ പി സംസ്‌കാരം മൂലം നിരവധിയാളുകള്‍ കഷ്ടപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. ബന്ധുവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ പോകവെയാണ് വിമാനത്താവളത്തില്‍ സംഭവങ്ങള്‍ അരങ്ങേറിയത്. ഷാങ്ഹായി ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ പോകുന്ന രാഷ്ട്രപതിക്ക് മുന്‍ഗണന ലഭിക്കുന്നുണ്ടെങ്കില്‍ എന്നെപ്പോലുള്ളവര്‍ക്ക് അത് ലഭിക്കാത്തത് എന്തുകൊണ്ടാണ്. പ്രധാനമന്ത്രി വ്യക്തിപരമായി വിഷയത്തില്‍ ഇടപെടണമെന്നും നിരാല ആവശ്യപ്പെട്ടു.