ജൂനിയര്‍ ഉദ്യോഗസ്ഥന്റെ മകളെ മദ്യം നല്കി കൂട്ടമാനഭംഗപ്പെടുത്തി; കേണല്‍ അറസ്റ്റില്‍
ഷിംല: ജൂനിയര്‍ ഉദ്യോഗസ്ഥന്റെ മകളെ കൂട്ടമാനഭംഗത്തിനിരയാക്കിയ കേണല്‍ അറസ്റ്റില്‍. ഷിംല സൈനിക പരിശീലന കമാന്‍ഡിലെ ലഫ്റ്റനന്റ് കേണലിന്റെ 21 കാരിയായ മകളാണു പീഡനത്തിനിരയായത്. തിങ്കളാഴ്ചയായിരുന്നു സംഭവം.പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളുടെ പേരുവിവരങ്ങളൊന്നും പുറത്ത് വന്നിട്ടില്ല. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കിയേക്കും.
കേണലിന്റെ വീട്ടില്‍ വെച്ചാണ് സംഭവമുണ്ടായത്. ആ സമയത്ത് വീട്ടിലുണ്ടായിരുന്ന കേണലിന്റെ സുഹൃത്തും കേസില്‍ പ്രതിയാണ്. എന്നാല്‍ ഇദ്ദേഹത്തെ ഇതുവരെ അറസ്റ്റു ചെയ്തിട്ടില്ല. നവംബര്‍ 19-ന് പെണ്‍കുട്ടിയെയും പിതാവിനെയും കേണല്‍ ഷിംല ഗേയ്റ്റി തിയേറ്ററില്‍ നടന്ന ഒരു പരിപാടിക്കു ക്ഷണിച്ചിരുന്നു. ഇവിടെയെത്തിയ പെണ്‍കുട്ടിയോടു മോഡലിങ് രംഗത്തേക്കു കടക്കുന്നതിനു നിര്‍ദേശിക്കുകയും ചെയ്തു.
പിറ്റേദിവസം മുംബൈയിലുള്ള മകള്‍ക്ക് അയക്കാനാണെന്നു പറഞ്ഞു പെണ്‍കുട്ടിയുടെ ചിത്രങ്ങളും കേണല്‍ ചോദിച്ചുവാങ്ങി. മോഡലിങ് രംഗത്തെ പ്രമുഖരെ പരിചയപ്പെടുത്താമെന്നു പറഞ്ഞ് യുവതിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി. വീട്ടിലെത്തിയയുടന്‍ യുവതിയെ ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി മദ്യം നല്‍കുകയും പീഡിപ്പിക്കുകയുമായിരുന്നു. കേണലിന്റെ സുഹൃത്തും പീഡനത്തില്‍ പങ്കാളിയായി. വിവരം പുറത്തുപറഞ്ഞാല്‍ പിതാവിന്റെ ജോലി ഇല്ലാതാക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.