വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യ:കോളേജ് കെട്ടിടത്തിന് തീ കൊളുത്തി വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം; വീഡിയോ പുറത്ത്

ചെന്നൈ : കാഞ്ചീപുരം സത്യഭാമ കല്‍പിത സര്‍വകലാശാലയില്‍ വിദ്യാര്‍ഥിനി ആത്മഹത്യ
ചെയ്തതിനെത്തുടര്‍ന്നു രോഷാകുലരായ സഹപാഠികള്‍ ക്യാംപസ് കെട്ടിടത്തിനു തീവച്ചു. ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം.

പ്രതിഷേധത്തിനിടെ ഹോസ്റ്റലിനു തീയിട്ട വിദ്യാര്‍ഥികള്‍, കെട്ടിടം അടിച്ചു തകര്‍ത്തു. തീ അണയ്ക്കാനെത്തിയ അഗ്‌നിശമന സേനയെ പ്രതിഷേധക്കാര്‍ ഏറെ നേരം ഗേറ്റിനു പുറത്ത് തടഞ്ഞു നിര്‍ത്തി.സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

ബുധനാഴ്ച രാവിലെയാണ് സംഭവങ്ങളുടെ തുടക്കം. ഒന്നാം വര്‍ഷ കംപ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിനി രാഗമൗനികയെ പരീക്ഷയ്ക്കിടെ കോപ്പിയടിച്ചെന്ന് ആരോപിച്ച് അധ്യാപകര്‍ പിടികൂടി. തുടര്‍ന്നു ഹോസ്റ്റലിലെത്തിയ ഹൈദരാബാദ് സ്വദേശിയായ വിദ്യാര്‍ഥിനി തൂങ്ങിമരിക്കുകയായിരുന്നു.

അധ്യാപകരുടെ മാനസിക പീഡനമാണ് ആത്മഹത്യക്കു കാരണമെന്നാരോപിച്ചാണു വിദ്യാര്‍ഥികള്‍ പ്രതിഷേധം തുടങ്ങിയത്. പരീക്ഷയില്‍ കോപ്പിയടിച്ചതിനു കുട്ടിയെ പിടികൂടിയിരുന്നതായി സര്‍വകലാശാലാ അധികൃതര്‍ വ്യക്തമാക്കി.