മുരുകന്റെ മരണം: ആറ് ഡോക്ടര്‍മാര്‍ പ്രതികളാകുമെന്ന് അന്വേഷണ സംഘം

തിരുവനന്തപുരം:അപകടത്തെത്തുടര്‍ന്ന് ചികിത്സ കിട്ടാതെ തമിഴ്‌നാട് സ്വദേശി മുരുകന്‍ മരിച്ച സംഭവത്തില്‍ ആറ് ഡോക്ടര്‍മാര്‍ പ്രതികളാകുമെന്ന് പ്രത്യേക അന്വേഷണ സംഘം. സംഭവത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍ ഗുരുതര വീഴ്ച വരുത്തിയതായി അന്വേഷണ സംഘം കണ്ടെത്തി. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയതായി പ്രത്യേക അന്വേഷണസംഘം അറിയിച്ചു.

കൊല്ലം മെഡിട്രിന, മെഡിസിറ്റി എന്നിവയിലെ ഡോക്ടര്‍മാരും പ്രതികളാകുമെന്നാണ് സൂചന. കിംസ് എസ്യുടി റോയല്‍ ആശുപത്രികളെ കേസില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. കേസില്‍ 45 സാക്ഷികളാണുളളത്. കേന്ദ്ര മെഡിക്കല്‍ സംഘത്തിന്റെ റിപ്പോര്‍ട്ട് കിട്ടിയ ശേഷം അന്തിമ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണസംഘം അറിയിച്ചു.

ഓഗസ്റ്റില്‍ ബൈക്ക് അപകടത്തെതുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ മുരുകന് ചികിത്സ തേടി 6 ആശുപത്രികള്‍ കയറിയിറങ്ങിയെങ്കിലും ആരും തിരിഞ്ഞ് നോക്കിയിരുന്നില്ല. കൂട്ടിരിക്കാന്‍ ആളില്ലെന്ന പേരിലാണ് സ്വകാര്യ മെഡിക്കല്‍ കോളേജ് മുരുകന് ചികിത്സ നിഷേധിച്ചത്. ഇതിനു പുറമെ തലസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ഫോണ്‍ വഴി അന്വേഷിച്ചെങ്കിലും വെന്റിലേറ്റര്‍ സൗകര്യം ഒഴിവില്ലെന്നായിരുന്നു മറുപടി.