എംഎല്‍എയുടെ പൊതുപരിപാടിക്ക് പോസ്റ്റിന് ചായം പൂശി ലീഗ് പ്രവര്‍ത്തകര്‍; പോസ്റ്റ് വൃത്തികേടാക്കിയതിന് കേസെടുത്ത് പോലീസും
എംഎല്‍എ കെ എം ഷാജി പങ്കെടുക്കുന്ന പൊതു പരിപാടിക്ക് ആവേശം പകരാന്‍ പ്രവര്‍ത്തകര്‍ വൈദ്യുത പോസ്റ്റിന് ചായം പൂശി. തൃക്കരിപ്പൂര്‍ ടൗണില്‍ വൈദ്യുത പോസ്റ്റിന്റെ അടിവശം മുതല്‍ വൈദ്യുത കമ്പികള്‍ കടന്നുപോകുന്ന ഭാഗം വരെയാണ് ലീഗ് പ്രവര്‍ത്തകര്‍ ചായം പൂശിയത്. തുടര്‍ന്ന് അപകടകരമായ രീതിയില്‍ പെയിന്റ് അടിച്ചതിനും പോസ്റ്റ് വൃത്തികേടാക്കിയതിനും കെഎസ്ഇബി പൊലീസില്‍ പരാതി നല്‍കുകയായിരിന്നു.
ഇലക്ട്രിക് പോസ്റ്റിന്റെ കമ്പി എത്തുന്നത് വരെയുള്ള സ്ഥലത്ത് പെയിന്റടിച്ച് എഴുത്തുകള്‍ നടത്തിയത് ഏറെ അപകട സാധ്യത ഉണ്ടാക്കുന്നതായും ഇവ നീക്കം ചെയ്യാന്‍ പൊലീസിന്റെ ഭാഗത്തു നിന്നും നടപടിയുണ്ടാകണമെന്നുമാണ് കെഎസ്ഇബി അധികൃതര്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. പരാതി സ്വീകരിച്ച ചന്തേര പൊലീസ് വൈദ്യുത തൂണുകളിലെ പ്രചാരണ സാമഗ്രികള്‍ക്കെതിരെയും എഴുത്തുകള്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിച്ചു.
മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളും രണ്ടു ദിവസത്തിനകം വൈദ്യുത തൂണുകളിലെ പ്രചരണങ്ങള്‍ മായ്ച്ചു കളയണമെന്ന് ചന്തേര എസ്‌ഐ കെ വി ഉമേശന്‍ ആവശ്യപ്പെട്ടു. ഇതോടെ പാര്‍ട്ടികള്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കാനാണ് പൊലീസ് നീക്കമെന്ന് വ്യക്തമാകുന്നു. നിര്‍ദേശം പാലിക്കാത്ത രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിച്ചു എന്നതിന് കേസെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.