നാലു വര്‍ഷത്തിനിടെ ട്രെയിനില്‍ നിന്നു റയില്‍വേയ്ക്കു കിട്ടിയത് 1430 കുട്ടികള്‍

അടുത്തിടെ മലബാര്‍ എക്‌സ്പ്രസില്‍ 14 വയസ്സുള്ള നാല് ആണ്‍കുട്ടികളെ സംശയാസ്പദമായ നിലയില്‍ റെയില്‍വേ സുരക്ഷാ സേന കണ്ടെത്തി. മംഗലാപുരത്തുനിന്നു വീട്ടുകാരോടു പറയാതെ തിരുവനന്തപുരം നഗരം കാണാന്‍ ഇറങ്ങിയതായിരുന്നു നാലു കുട്ടികളും. ടിക്കറ്റെടുക്കാതെ യാത്ര ചെയ്ത ഈ കുട്ടികളെ കൊല്ലം സ്റ്റേഷനില്‍ ഇറക്കി രക്ഷിതാക്കളെ വരുത്തി അവര്‍ക്ക് കൈമാറുകയായിരുന്നു.

നാലു വര്‍ഷത്തിനിടെ ട്രെയിനില്‍ നിന്നു ഇത്തരത്തില്‍ റയില്‍വേയ്ക്കു കിട്ടിയത് 1430 കുട്ടികള്‍. ഇവരില്‍ 365 പേരെ റെയില്‍വേ സുരക്ഷാ സേന രക്ഷിതാക്കള്‍ക്കു കൈമാറി. ബാക്കി കുട്ടികള്‍ അനാഥാലയങ്ങളിലും ചൈല്‍ഡ് വെല്‍ഫെയറീലുകളിലുമായി കഴിയുന്നു. ഇത്തരത്തില്‍ ട്രെയിനില്‍ കയറിപ്പറ്റുന്നവരുടെ കണക്കില്‍ കൂടുതലും മറ്റു സംസ്ഥാനങ്ങളില്‍നിന്നുള്ള ആണ്‍കുട്ടികളാണ്. ഇവരില്‍ ഭൂരിപക്ഷവും രക്ഷിതാക്കളെ കണ്ടെത്താന്‍ പറ്റാത്തതുമൂലവും ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ ആരുമില്ലാത്തതുമൂലവും അനാഥരായി കഴിയുന്നു.

വീട്ടില്‍ ഉണ്ടാകുന്ന ചെറിയ പിണക്കങ്ങളും ദേഷ്യപെടലുകളും തുടങ്ങി ചെറിയ കാര്യങ്ങള്‍ക്കാണ് ഇവരില്‍ ഭൂരിഭാഗംപേരും വീടുവിട്ടിറങ്ങാന്‍ കാരണം. ഓരോ വര്‍ഷവും ഇത്തരത്തില്‍ വീടുവിട്ടിറങ്ങുന്ന കുട്ടികളുടെ എണ്ണം കൂടുന്നതായി റെയില്‍വേ അധികൃതര്‍ പറയുന്നു. ട്രെയിനില്‍ കുട്ടികളെയോ സ്ത്രീകളെയോ സംശയാസ്പദമായി കണ്ടാല്‍ വിളിക്കാന്‍ റെയില്‍വേയുടെ ഹെല്‍പ് ലൈന്‍ നമ്പര്‍ 182 യില്‍ വിളിച്ചറിയിക്കാനാണ് അധികൃധരുടെ നിര്‍ദേശം.

നാലു വര്‍ഷത്തിനിടെ ട്രെയിനുകളില്‍നിന്ന് അനാഥരും ഉപേക്ഷിക്കപ്പെട്ടവരുമായ 123 സ്ത്രീകളെയും റെയില്‍വേ പൊലീസ് കണ്ടെത്തി. ഇവരില്‍ ഭൂരിഭാഗം പേരെയും ബന്ധുക്കള്‍ക്കു കൈമാറി. മറ്റുള്ളവര്‍ അനാഥാലയങ്ങളിലും മറ്റുമായി കഴിയുന്നു.