കള്ളപ്പണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധം ; കേന്ദ്രസര്‍ക്കാരിന് തിരിച്ചടിയായി കോടതിവിധി
കേന്ദ്രസര്‍ക്കാര്‍ കൊണ്ട് വന്ന കള്ളപ്പണനിരോധന നിയമത്തിലെ വ്യവസ്ഥകള്‍ക്ക് തിരിച്ചടിയായി കോടതിവിധി. നിയമത്തിലെ ജാമ്യത്തിനുള്ള കര്‍ശനവ്യവസ്ഥകള്‍ സുപ്രീംകോടതി റദ്ദാക്കി. ഇവ ഭരണഘടനാവിരുദ്ധമെന്ന് സുപ്രീംകോടതി വിലയിരുത്തി.കള്ളപ്പണഇടപാടുകളില്‍ കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് ശിക്ഷ നല്‍കുന്നതിന് ഏറ്റവും സഹായകമായ വ്യവസ്ഥകളാണിതെന്ന കേന്ദ്രസര്‍ക്കാര്‍ വാദത്തിനേറ്റ തിരിച്ചടിയാണ് കോടതിവിധി. കേസില്‍ അകപ്പെടുന്നവര്‍ക്ക് ജാമ്യം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് വ്യവസ്ഥകളാണ് നിയമത്തിലുള്ളത്. പബ്ലിക് പ്രോസിക്യൂട്ടറെ കേള്‍ക്കാതെ ജാമ്യം നല്‍കരുത് എന്നതാണ് ഒന്നാമത്തെ വ്യവസ്ഥ. കേസില്‍ കുറ്റാരോപിതന് നിരപരാധിയാണെന്ന് കോടതിക്ക് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടാല്‍ മാത്രമേ ജാമ്യം അനുവദിക്കാവൂ എന്നതാണ് രണ്ടാമത്തെ വ്യവസ്ഥ.
ഈ വ്യവസ്ഥകള്‍ ജാമ്യനിഷേധത്തിനേ വഴിവയ്ക്കൂ എന്ന് കോടതി വിലയിരുത്തി. ജാമ്യം നിയമവും ജയില്‍ അപവാദവും ആകണമെന്ന പ്രമാണം ഇതിന്‍പ്രകാരം ജയില്‍ നിയമവും ജാമ്യം അപവാദവുമായി മാറിയെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് രോഹിന്‍ടണ്‍ നരിമാന് അധ്യക്ഷനായ ബഞ്ചാണ് കള്ളപ്പണനിരോധനിയമത്തിലെ 45ാം വ്യവസ്ഥ ഭരണഘടനാവിരുദ്ധമാണെന്ന് ഉത്തരവിട്ടത്. ഈ വ്യവസ്ഥകളിന്മേല് കീഴ്ക്കോടതികള്‍ ജാമ്യം നിഷേധിച്ച മുഴുവന്‍ പേരുടെയും ജാമ്യാപേക്ഷ എത്രയും വേഗം വീണ്ടും പുതുതായി പരിഗണിക്കാനും കോടതി ഉത്തരവിട്ടു.