തുടരെ തുടരെ മത്സരങ്ങള്‍ ; ബിസിസിഐയ്ക്കെതിരെ വിരാട് കോലി രംഗത്ത്
മുംബൈ : ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനൊരുങ്ങും മുമ്പ് പരിശീലനത്തിന് സമയം ലഭിച്ചില്ലെന്ന ആരോപണവുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. മത്സരങ്ങള്‍ ക്രമീകരിക്കുന്നതിലെ ബിസിസിഐയുടെ ആസൂത്രണത്തിലെ പിഴവ് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുന്നുവെന്ന് കോലി ആരോപിച്ചു. ഒരു പരമ്പര കളിച്ച് പിന്നീട് ദക്ഷിണാഫ്രിക്കന്‍ പരമ്പരയ്ക്ക് പോകുന്നതിനിടയ്ക്ക് ഞങ്ങള്‍ കളിക്കാര്‍ക്ക് വെറും രണ്ട് ദിവസം മാത്രമാണ് തന്നിരിക്കുന്നത്. ഒരുമാസത്തെ ഇടവേള ലഭിച്ചിരുന്നെങ്കില്‍ കൃത്യമായ പരിശീലനം നേടാമായിരുന്നു. പക്ഷെ ഇപ്പോള്‍ അത് സാധ്യമല്ല. കയ്യിലുള്ളതെന്താണോ അത് വെച്ച കളിക്കുക അത്രമാത്രം , മുന്നില്‍ വരുന്നതിനെ നേരിടുക എന്നതല്ലാതെ തങ്ങള്‍ക്ക് മുന്പില് വേറെ മാര്‍ഗങ്ങള്‍ ഇല്ല എന്നും കോലി മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു.
വിദേശത്ത് പോകുന്ന ടീമിനെ നമ്മള് എളുപ്പം വിലയിരുത്തിക്കളയും. അവര്‍ക്ക് പരിശീലനം നേടാന്‍ എത്ര ദിവസം ലഭിച്ചു എന്നത് നമ്മള് അന്വേഷിക്കാറില്ല. ടെസ്റ്റ് മാച്ചിന് ശേഷം ഫലം വരുമ്പോള്‍ നമ്മള് കളിക്കാരുടെ പ്രകടനത്തെ വിലയിരുത്തുന്നത് പതിവാണ്. എന്നാല്‍ കളിക്കുമുമ്പ് ഞങ്ങളാഗ്രഹിച്ചപോലെ ഞങ്ങള്‍ക്ക് തയ്യാറെടുക്കാന്‍ കഴിഞ്ഞോ എന്നന്വേഷിക്കണം എന്നിട്ടാവണം വിമര്‍ശനം എന്നും കോലി പറയുന്നു. അതുപോലെ ശ്രീലങ്കന്‍ പരമ്പരയ്ക്ക് പിന്നാലെ ദക്ഷിണാഫ്രിക്കളിയില് കളിക്കുന്നത് കളിക്കാരുടെ പ്രകടനത്തെ ബാധിക്കുമെന്നും വിരാട് കോലി അഭിപ്രായപ്പെട്ടു.